തീവ്രവാദം പാക് സൈന്യം വക; ഐക്യരാഷ്ട്ര സഭയ്ക്ക് മുന്നില്‍ പാക് ന്യൂനപക്ഷങ്ങളുടെ ബാനര്‍

നീവയില്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ സമ്മേളനം നടക്കുന്നതിനിടെ ‘പാകിസ്ഥാനിലെ സൈന്യമാണ് അന്താരാഷ്ട്ര തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം’ എന്ന ബാനര്‍ ഉയര്‍ത്തി പാകിസ്ഥാനില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍. മനുഷ്യാവകാശ കൗണ്‍സിലിന്റെ 43ാം സെഷന്‍ നടക്കുന്നതിന് ഇടയിലാണ് പ്രശസ്തമായ ബ്രോക്കണ്‍ ചെയറില്‍ ബാനര്‍ പ്രത്യക്ഷപ്പെട്ടത്.

ഐക്യരാഷ്ട്ര സഭയുടെ ഓഫീസിന് മുന്നില്‍ ബലൂച് & പഷ്തൂണ്‍ ആക്ടിവിസ്റ്റുകള്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് വ്യക്തമാക്കി. തീവ്രവാദി സംഘങ്ങളെ വളര്‍ത്തുന്നതില്‍ പാകിസ്ഥാനി സൈന്യത്തിന്റെ പങ്കിനെതിരെയാണ് പ്രതിഷേധം. പാകിസ്ഥാനെ ഈ വിഷയത്തില്‍ താക്കീത് ചെയ്ത് അടിയന്തര നടപടി സ്വീകരിച്ച് ഇതിന് തടയിടാനും, മേഖലയില്‍ നിയമം നടപ്പാക്കാനും യുഎന്‍ ഇടപെടണമെന്നാണ് ആക്ടിവിസ്റ്റുകള്‍ ആവശ്യപ്പെടുന്നത്.

തീവ്രവാദികള്‍ക്ക് ഫണ്ടിംഗ് നല്‍കുന്നത് അവസാനിപ്പിച്ച്, പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദി ക്യാംപുകള്‍ ഇല്ലാതാക്കാന്‍ നടപടിയെടുക്കണമെന്നാണ് പാകിസ്ഥാന്റെ ഉന്നത നേതൃത്വത്തെ വെള്ളിയാഴ്ച ഇന്ത്യ ഉപദേശിച്ചത്. ജമ്മു കശ്മീരിലെ വികസന നടപടിക്രമങ്ങള്‍ അട്ടിമറിക്കാനുള്ള ഇസ്ലാമാബാദിന്റെ ശ്രമങ്ങള്‍ക്കെതിരെയും ഇന്ത്യ ആരോപണം ഉന്നയിച്ചു.

തീവ്രവാദി ഫണ്ടിംഗ് അവസാനിപ്പിച്ചില്ലെങ്കില്‍ പാകിസ്ഥാന് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. നിലവില്‍ പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ നിലനിര്‍ത്തിയാണ് ടാസ്‌ക് ഫോഴ്‌സ് തീരുമാനം കൈക്കൊണ്ടത്. പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ദുരവസ്ഥയെക്കുറിച്ചും ഇന്ത്യ പരാതി ഉന്നയിക്കുന്നുണ്ട്.

Top