ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 ൽ 13 പേരും മരിച്ചെന്ന് സേനാ വൃത്തങ്ങൾ

കോയമ്പത്തൂർ: ഊട്ടിക്കു സമീപം കുനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ കോപ്റ്ററിലുണ്ടായിരുന്ന 14 പേരിൽ 13 പേരുടെ മരണം സേനാ വൃത്തങ്ങൾ സ്ഥിരീകരിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കോയമ്പത്തൂരിൽനിന്ന് 11.47 ന് പറന്നുയർന്ന ഹെലികോപ്റ്റർ ഉച്ചയ്ക്കു ശേഷമാണ് തകർന്നുവീണത്. ലാൻഡിങ്ങിന് 10 കിലോമീറ്റർ മാത്രമകലെയായിരുന്നു അപകടം.

സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ സഞ്ചരിച്ച ഹെലികോപ്റ്ററാണ് തകർന്നത്. കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽനിന്ന് ഊട്ടിയിലെ വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം.

മോശം കാലാവസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. വ്യോമസേനയുടെ റഷ്യൻ നിർമിത എംഐ 17V5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. കുനൂരിലെ കാട്ടേരി ഫാമിനു സമീപമാണ് അപകടമുണ്ടായത്.

സൈനിക പ്രോട്ടോക്കോൾ പ്രകാരം അപകടത്തിന്റെ വിശദവിവരങ്ങൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു. അപകടത്തിന്റെ വിവരമറിഞ്ഞതിനു പിന്നാലെ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി.

Top