അതിര്‍ത്തി സംഘര്‍ഷം; സൈനിക വിന്യാസം വിലയിരുത്താന്‍ കരസേനാ മേധാവി ലഡാക്കിലേയ്ക്ക്

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സൈനിക വിന്യാസം വിലയിരുത്താന്‍ കരസേനാ മേധാവി ജനറല്‍ മുകുന്ദ് നരവനെ ഇന്ന് ലഡാക്കിലെത്തും.

ഗല്‍വാന്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം ഇരുസേനകളും ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് ഈ സന്ദര്‍ശനം. സംഘര്‍ഷത്തില്‍ കമാന്‍ഡിങ് ഓഫിസറും കൊല്ലപ്പെട്ടുവെന്ന് ചര്‍ച്ചയില്‍ ചൈന സമ്മതിച്ചിരുന്നു. അതേസമയം,
സംഘര്‍ഷത്തിനുശേഷം ആദ്യമായി ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരും ഇന്ന് കൂടിക്കാഴ്ച നടത്തും. റഷ്യ കൂടിയുള്ള വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത യോഗത്തിലാണ് ഇരുവരും മുഖാമുഖം എത്തുക. അതിര്‍ത്തിയിലെ 32 റോഡ് നിര്‍മാണ പദ്ധതികള്‍ വേഗത്തിലാക്കാനും ആഭ്യന്തരമന്ത്രാലയം വിളിച്ച ഉന്നതതല യോഗത്തില്‍ തീരുമാനമായി. ചൈനയുടെ പ്രകോപനങ്ങള്‍ക്ക് മുഖ്യകാരണം ഈ നിര്‍മാണ്‍ പ്രവര്‍ത്തികളാണ്.

അതേസമയം, സംഘര്‍ഷം മൂര്‍ധന്യാവസ്ഥയില്‍ തുടരുന്ന പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളില്‍ ഇന്ത്യന്‍ ഭാഗത്തേക്കു ചൈനീസ് സേന കടന്നുകയറിയതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത് വന്നു. തങ്ങള്‍ അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന ചൈനയുടെ വാദങ്ങള്‍ ഖണ്ഡിക്കുന്നതാണ് ഓസ്‌ട്രേലിയന്‍ ഉപഗ്രഹ വിശകലന വിദഗ്ധന്‍ നേഥന്‍ റൂസര്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍. 8 മലനിരകളുള്ള പാംഗോങ്ങില്‍ നാലാം മലനിര വരെയാണ് ചൈന അതിക്രമിച്ചു കയറിയിരിക്കുന്നത്.

8 മലനിരകളില്‍ എട്ടാമത്തെ മലനിര വരെയാണ് ഇന്ത്യന്‍ അതിര്‍ത്തി. നാലാമത്തേതില്‍ അതിര്‍ത്തി അവസാനിക്കുന്നുവെന്നാണു ചൈനയുടെ വാദം. എട്ടിനും നാലിനുമിടയിലുള്ള മലനിരകള്‍ ഇരുസേനകളും പരസ്പരം പട്രോളിങ് നടത്തുന്ന പ്രദേശമാണ്. എന്നാല്‍, നാലിലേക്ക് അതിക്രമിച്ചു കയറിയ ചൈന ടെന്റുകളും സേനാ സന്നാഹങ്ങളും സ്ഥാപിച്ചതായാണു ദൃശ്യങ്ങളിലുള്ളത്.

ഇവിടെ 62 സ്ഥലങ്ങളില്‍ മുന്നൂറോളം ടെന്റുകളും നിരീക്ഷണ പോസ്റ്റുകളും സ്ഥാപിച്ചു. ഏറ്റുമുട്ടലുണ്ടായ തടാകക്കരയിലും ചൈനീസ് സേനയുടെ ടെന്റുകളുണ്ട്. ശക്തമായ പ്രതിരോധമൊരുക്കി ഇന്ത്യന്‍ സേന നാലാം മലനിരയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

Top