Army Chief General Bipin Rawat Says Please Use Complaint Boxes

ന്യൂഡല്‍ഹി: സൈന്യത്തിലെ പ്രശ്‌നങ്ങള്‍ സൈന്യത്തില്‍തന്നെ പരിഹരിക്കണമെന്ന് കരസേനാ മേധാവി. തങ്ങള്‍ നേരിടുന്ന അവഗണനയും പ്രശ്‌നങ്ങളും തുറന്നുകാട്ടി സിആര്‍പിഎഫിലെയും ബിഎസ്എഫിലെയും ജവാന്‍മാര്‍ നവമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കരസേനാ മേധാവിയുടെ വിശദീകരണം.

സ്ഥാനമേറ്റെടുത്തശേഷം ആദ്യമായാണ് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പത്രസമ്മേളനം നടത്തുന്നത്.

സൈന്യത്തിലെ പരാതി ആഭ്യന്തരമായി അറിയിക്കാന്‍ സംവിധാനമുണ്ടായിരുന്നു. സൈനിക ആസ്ഥാനത്തും കമാന്‍ഡന്റുകളിലും പരാതിപ്പെട്ടികളുണ്ട്. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ എന്നെ നേരിട്ട് അറിയിക്കാം.

സാമൂഹിക മാധ്യമങ്ങളിലുടെ പരാതികള്‍ പറയുന്നത് ഉചിതമല്ല. എല്ലാ ജവാന്‍മാരെയും മാധ്യമങ്ങളിലൂടെ അഭിസംബോധന ചെയ്യാനാണ് ശ്രമിക്കുന്നത്. ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജവാന്റെ വീഡിയോയില്‍ ആവശ്യമെങ്കില്‍ നടപടിയെടുക്കുമെന്നും ഇക്കാര്യം ഇസ്റ്റേണ്‍ ആര്‍മി കമാന്‍ഡര്‍ പ്രവീണ്‍ ബക്ഷിയാണ് ആവശ്യപ്പെടേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രകോപനങ്ങളുണ്ടായാല്‍ മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിനുകൂടി മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top