ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ക്കിടെ ലഡാക്ക് സന്ദര്‍ശിച്ച് ഇന്ത്യന്‍ കരസേന മേധാവി

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനീസ് സേന നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ കരസേനാമേധാവി ജന.എം എം നരവനേ കിഴക്കന്‍ ലഡാക്കില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കഴിഞ്ഞ 7 മാസമായി ഈ പ്രദേശം അതിരൂക്ഷമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ ഭാഗമായ റേചിന്‍ ലാ പ്രദേശമാണ് ജനറല്‍ നരവനേ സന്ദര്‍ശിച്ചത്.

അന്‍പതിനായിരത്തിലധികം സേനാംഗങ്ങളെയാണ് മൈനസ് ഡിഗ്രി തണുപ്പനുഭവപ്പെടുന്ന ഈ പ്രദേശത്ത് ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. ചൈനയും സമാനമായ രീതിയില്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.

ലെഫ്റ്റനന്റ് ജനറല്‍ പിജെകെ മേനോന്‍ കരസേന മേധാവിയ്ക്ക് പ്രദേശത്തെ സ്ഥിതിഗതികള്‍ വിശദീകരിച്ചു കൊടുത്തു. നരവനേ സേനാംഗങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. മെയ് 5-ാം തീയതി ആരംഭിച്ച ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സൈനിക പ്രശ്‌നത്തെ തുടര്‍ന്ന് നിരവധി തവണ ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. സിക്കിമിന്റെ വടക്ക് ഭാഗത്തും സമാനമായ ഏറ്റമുട്ടലുകള്‍ ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞയാഴ്ചയും ഇരുരാജ്യങ്ങളും തമ്മില്‍ സൈനിക തല ചര്‍ച്ച നടന്നിരുന്നു. സൈന്യത്തെ പിന്‍വലിക്കുക എന്നതായിരുന്നു പ്രധാന തീരുമാനം. എന്നാല്‍ ഇതൊന്നും തന്നെ ഫലപ്രദമായി നടപ്പാക്കിയിട്ടില്ല.

Top