ഉറി ഭീകരാക്രമണ മാതൃകയില്‍ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് കരസേന മോധാവി ബിപിന്‍ റാവത്ത്

General Bipin Rawat

ന്യൂഡല്‍ഹി : ഉറി ഭീകരാക്രമണ മാതൃകയില്‍ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് കരസേന മോധാവി ബിപിന്‍ റാവത്ത്.

ഉള്‍പ്രദേശങ്ങളിലെ സുരക്ഷാമുന്‍കരുതലുകളില്‍ ആശങ്കയുണ്ടെന്നും ഉറിയിലുണ്ടായ ഭീകരാക്രമണത്തിന് സമാനമായ ആക്രമണങ്ങള്‍ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ചതായും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കരസേന മേധാവി വെളിപ്പെടുത്തിയത്.

ഉള്‍പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി.

അതിര്‍ത്തി പ്രദേശങ്ങളില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നവരുടെ നീക്കങ്ങളെ കുറിച്ച് അറിയുന്നതിന് സമഗ്രമായ നിരീക്ഷണ സംവിധാനം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ അതിര്‍ത്തി മേഖലകളില്‍ പ്രത്യേകിച്ചും കിഴക്കും വടക്കുമുള്ള പ്രദേശങ്ങളില്‍ രഹസ്യാന്വേഷണം, ജാഗ്രതയോടെയുള്ള നിരീക്ഷണം, സൈനികവിമാനങ്ങളുടെ നിരീക്ഷണപ്പറക്കല്‍ എന്നിവ ശക്തമാക്കണമെന്നും, നിരീക്ഷണത്തിനായി ഇലക്ട്രോണിക് യുദ്ധമുറകളും ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.

മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇന്ത്യ സുസജ്ജമാണ്, അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പാണെന്നും കരസേനമേധാവി ഓര്‍മ്മപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ഉറിയിലെ പ്രധാന സൈനിക ക്യാമ്പില്‍ ഭീകരാക്രമണം നടന്നത്. വേഷപ്രച്ഛന്നരായി എത്തിയ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

Top