ആര്‍മി ആസ്ഥാനത്തിന് സമീപം ഡ്രോണ്‍ പറത്തിയ ചൈനക്കാരന്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സൈനിക ആസ്ഥാനത്തിനു സമീപം ഡ്രോണ്‍ പറത്തിയ ചൈനക്കാരന്‍ അറസ്റ്റില്‍. ഞായറാഴ്ചയാണ് അതീവ സുരക്ഷാ മേഖലയായ വിക്ടോറിയ മെമ്മോറിയലില്‍ ഡ്രോണ്‍ പറത്തിയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

വിക്ടോറിയ മെമ്മോറിയലിന് സമീപത്താണ് ഈസ്റ്റേണ്‍ കമാന്‍ഡ് ആര്‍മിയുടെ ആസ്ഥാനമായ ഫോര്‍ട്ട് വില്ല്യം സ്ഥിതി ചെയ്യുന്നത്. ഡ്രോണ്‍ പറത്തുന്നതു ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥനാണ് ചൈനീസ് പൗരനെ കസ്റ്റഡിയില്‍ എടുത്തത്. രണ്ടു സ്ത്രീകളും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. ഇയാളെ പിന്നീട് ഹേസ്റ്റിംഗ് സ്റ്റേഷനിലേക്കു മാറ്റി. മാര്‍ച്ച് 25 വരെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു സ്ത്രീകള്‍ ഇന്ത്യക്കാരാണോ ചൈനക്കാരാണോ എന്ന് വ്യക്തമായിട്ടില്ല. ചൈനയിലെ ഗുഡോംഗ് സ്വദേശിയാണ് അറസ്റ്റിലായത്. അറസ്റ്റ് സംബന്ധിച്ചു കൊല്‍ക്കത്തയിലെ ചൈനീസ് കോണ്‍സുലേറ്റിനെ വിവരമറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ പൗരന്‍മാര്‍ക്ക് ഡ്രോണ്‍ കൈവശം വയ്ക്കാന്‍ അനുവാദമുണ്ടെങ്കിലും ഇത് ഉപയോഗിക്കാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. സുരക്ഷാ മേഖലകളില്‍ ഡ്രോണ്‍ പറത്തുന്നതിന് കര്‍ശന വിലക്കും നിലവിലുണ്ട്.

Top