വിപണിയിൽ ചരിത്രം സൃഷ്ടിച്ച് അടയ്ക്കാവില കുതിക്കുന്നു

വിലയില്ലാത്തതിനാൽ പറമ്പിൽ വീഴുന്ന അടയ്ക്കകൾ ഗോലി കളിക്കാൻ ഉപയോഗിച്ചിരുന്ന കാലമൊക്കെ പോയി. ഇപ്പോൾ അടയ്ക്കയുടെ സമയമാണ്. മുമ്പ് കിലോയ്ക്ക് നൂറിൽ താഴെ വിലയുണ്ടായിരുന്ന അടയ്ക്കയ്ക്ക് ഇപ്പോൾ ഇരുന്നൂറിനു മുകളിലാണ്. ചില്ലറ വിൽപ്പനയിലും അടയ്ക്ക ചരിത്രം സൃഷ്ടിക്കുന്നുണ്ട്. ഒരെണ്ണത്തിന് ശരാശരി 10 രൂപ ഇപ്പോൾ ലഭിക്കുന്നുണ്ട്. മുൻപെങ്ങുമില്ലാത്ത ഈ വിലവർദ്ധനവ് കവുങ്ങ് കർഷകർക്ക് ഏറെ ആശ്വാസവും പ്രതീക്ഷയും നൽകുന്നുണ്ട്.

മുമ്പ് അടയ്ക്ക ഒരു കിലോയ്ക്ക് 100 രൂപയിൽ താഴെ വില മാത്രമേയുണ്ടായിരുന്നുള്ളു. എന്നാൽ ഇപ്പോൾ 200 രൂപയ്ക്ക് മുകളിലാണ് ഒരു കിലോയ്ക്ക് ലഭിക്കുന്നത്. 20 മുതൽ 25 എണ്ണം വരെയാണ് ഒരു കിലോയിലുണ്ടാകുക. മൊത്ത വിൽപ്പനയിലും ചില്ലറ വിൽപ്പനയിലും ഒരേപോലെ വിലവർദ്ധനവാണ് അടയ്ക്കയുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. മുൻപ് ചില്ലറവിൽപ്പനയിൽ രണ്ട്- മൂന്ന് രൂപയാണ് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് പത്തു രൂപയായി വർദ്ധിച്ചിരിക്കുന്നു. പത്ത് രൂപയ്ക്ക് മുകളിലെ ഇന്നത്തെ നിരക്ക് മുൻപെങ്ങുമുണ്ടായിട്ടില്ലെന്ന് വ്യാപാരികളും വെളിപ്പെടുത്തുന്നു. ഇപ്പോഴത്തെ വിലവർദ്ധനവിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാനത്ത് വെറ്റിലമുറുക്ക് കുറഞ്ഞിട്ടും അടയ്ക്കാ വലയിൽ വർദ്ധനവുണ്ടാകുന്നതിനു കാരണവും വ്യാപാരികൾ വ്യക്തമാക്കുന്നുണ്ട്. ഒരു ഉഷ്ണമേഖലാ വിളയാണ് അടയ്ക്ക. കേരളത്തിലെ അടയ്ക്കാ സീസൺ കഴിയുമ്പോൾ തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമാണ് അടയ്ക്ക എത്തിക്കൊണ്ടിരുന്നത്. എന്നാൽ മറ്റു സംസ്ഥാനങ്ങളിലെ അടയ്ക്ക കൃഷിയെ കാലാവസ്ഥ വ്യതിയാനം സ്വാധീനിച്ചുവെന്നാണ് കാലാവസ്ഥ വിദഗ്ധരും പറയുന്നത്. നിലവിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമെത്തി ഉയർന്ന വിലയ്ക്ക് വിൽക്കുന്ന ഭൂരിഭാഗം അടയ്ക്കയും ഗുണനിലവാരമില്ലാത്തവയാണെന്നും വ്യാപാരികൾ പറയുന്നു.

Top