എട്ടു യുവാക്കൾ കൊടുത്തത് ‘എട്ടിന്റെ പണി’ കവർന്നത് 720 കിലോ സ്വർണ്ണം !

സാവോപോളോ:ബ്രസീല്‍ സാവോപോളോ രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. 200 കോടിയിലേറെ രൂപ വിലവരുന്ന 720 കിലോ സ്വര്‍ണ്ണക്കട്ടികള്‍ വെറും മൂന്ന് മിനിറ്റിനുള്ളിലാണ്‌ കടത്തികൊണ്ടുപോയത്.

എസ്.യു.വിയിലും പിക്ക്അപ് ട്രക്കിലുമായി ഫെഡറല്‍ പൊലീസിന്റെ വേഷം ധരിച്ചെത്തിയ എട്ടു യുവാക്കളാണ് കവര്‍ച്ച നടത്തിയത്. മുഖത്തിന്റെ ചില ഭാഗങ്ങളൊഴികെ ബാക്കിയെല്ലാം മൂടിയുള്ള വസ്ത്രമാണ് ഇവര്‍ ധരിച്ചിരുന്നത്. കാര്‍ഗോ ടെര്‍മിനലിലേക്ക് എത്തിയ നാലു പേര്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും തുടര്‍ന്നു ജീവനക്കാര്‍ സ്വര്‍ണക്കട്ടികള്‍ അടങ്ങിയ കാര്‍ഗോ ട്രക്കിലേക്കു കയറ്റുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.ഇവരില്‍ ഒരാളുടെ പക്കല്‍ റൈഫിള്‍ ഉണ്ടായിരുന്നു. വിമാനത്താവളത്തിലെ രണ്ടു ജീവനക്കാരെ ഇവര്‍ ബന്ദികളാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.

ന്യുയോര്‍ക്കിലേക്കും സൂറിച്ചിലേക്കും അയയ്ക്കാനുള്ള 720 കിലോ സ്വര്‍ണമാണ് ഇവര്‍ കടത്തികൊണ്ടുപോയത്. കൃത്യമായ ആസൂത്രണത്തോടെ വന്‍സംഘമാണ് മോഷണം നടത്തിയതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും സാവോപോളോ പൊലീസ് അറിയിച്ചു.

സ്വര്‍ണം വിമാനത്താവളത്തിലേക്ക് എത്തിക്കാന്‍ ഏല്‍പ്പിച്ച കമ്പനിയിലെ ജോലിക്കാരന്റെ ബന്ധുക്കളെ തട്ടിക്കൊണ്ടുപോയ മോഷ്ടാക്കള്‍, ഇയാളെ ഭീഷണിപ്പെടുത്തിയാണ് വിവരങ്ങള്‍ കൃത്യമായി ചോര്‍ത്തിയതെന്നാണ് നിഗമനം.കാറുകള്‍ രണ്ടുവട്ടം മാറിയ ശേഷമാണ് മോഷ്ടാക്കള്‍ തങ്ങളുടെ വാഹനത്തില്‍ കടന്നതെന്നും പൊലീസ് കണ്ടെത്തി.

Top