ചൈനയോടും പാക്കിസ്ഥാനോടും ഏറ്റുമുട്ടാൻ ആയുധങ്ങൾ ആവശ്യത്തിലധികമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഏത് പ്രതിസന്ധിയിലും എത്ര ദിവസവും ശത്രു രാജ്യങ്ങളോട് ഏറ്റുമുട്ടാവുന്ന സംവിധാനവും കരുത്തും ഇന്ത്യക്കുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍.

ഇന്ത്യന്‍ സൈന്യത്തിന് ആവശ്യമായ വെടിക്കോപ്പുകളില്ലെന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട് തള്ളി പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ പരമാധികാരം പ്രതിരോധിക്കുന്നതിന് ആവശ്യമായ സന്നാഹങ്ങള്‍ ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

20401097_1980208838881647_491668852_n

യുദ്ധമുണ്ടായാല്‍ 15–20 ദിവസം മാത്രമേ ഇന്ത്യന്‍ സേനയ്ക്കു പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്ന സിഐജി റിപ്പോര്‍ട്ട് പ്രതിപക്ഷം രാജ്യസഭയില്‍ ഉന്നയിച്ചപ്പോഴാണ് ജയ്റ്റ്‌ലി മറുപടി നല്‍കിയത്.

സിഎജി റിപ്പോര്‍ട്ടില്‍ ഒരു പ്രത്യേക സമയത്തെ കാര്യം മാത്രമാണ് പറയുന്നതെന്ന് ജയ്റ്റ്‌ലി സഭയെ അറിയിച്ചു. ആയുധങ്ങള്‍ വാങ്ങാനുള്ള നടപടികള്‍ ലളിതമാക്കി. അധികാര വികേന്ദ്രീകരണം നടപ്പാക്കിയതുമൂലം സേനയുടെ ഓരോ വിഭാഗത്തിനും അവരുടെ ആവശ്യാനുസരണം ആയുധങ്ങള്‍ വാങ്ങാന്‍ സാധിക്കും– ജയ്റ്റ്‌ലി വ്യക്തമാക്കി.

പാക്ക്-ചൈന അതിര്‍ത്തികളില്‍ സംഘര്‍ഷാന്തരീക്ഷം രൂക്ഷമായി തുടരവെ ആവശ്യമെങ്കില്‍ ഇരു രാജ്യങ്ങളോടും ഏറ്റു മുട്ടാന്‍ ഇന്ത്യ തയ്യാറാണെന്ന് വ്യക്തമാക്കുന്നതാണ് പ്രതിരോധ മന്ത്രിയുടെ ഈ പ്രഖ്യാപനം.

Top