36-ാം വയസ്സില്‍ തിരിച്ചുവരവിനൊരുങ്ങി ഹോളണ്ടിന്റെ ആര്യന്‍ റോബന്‍

ഹേഗ്: ഹോളണ്ടിന്റെ ഇതിഹാസ ഫുട്‌ബോളര്‍ ആര്യന്‍ റോബന്‍ 36-ാം വയസ്സില്‍ തിരിച്ചുവരവിനൊരുങ്ങുന്നു. വിരമിക്കല്‍ പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിനുശേഷമാണ് അദ്ദേഹത്തിന്റെ ഈ മനംമാറ്റം. 16ാം വയസ്സില്‍ താന്‍ പ്രഫഷനല്‍ കരിയര്‍ തുടങ്ങിയ ഹോളണ്ടിലെ ഗ്രോനിങ്ങന്‍ ക്ലബ്ബിന് വേണ്ടി കളിക്കാനാണ് റോബന്‍ വീണ്ടും ഒരുങ്ങുന്നത്.

‘ഞാന്‍ എന്റെ വീട്ടിലേക്ക് മടങ്ങിയെത്തുന്നു. അടുത്ത സീസണ്‍ മുതല്‍ ഗ്രോനിങ്ങനില്‍ ഞാനുമുണ്ടാകും. ശാരീരികമായി ഏറെ പിന്നിലാണിപ്പോള്‍. ശരീരക്ഷമത കൈവരിക്കുന്ന മുറയ്ക്കു കളിക്കിറങ്ങും’ റോബന്‍ പറഞ്ഞു.

ഫ്രാങ്ക് റിബറിയുമായി ചേര്‍ന്ന് ഒന്നല്ല, എട്ടു തവണയാണ് റോബന്‍ ജര്‍മന്‍ ബുന്ദസ്ലിഗയില്‍ ബയണ്‍ മ്യൂണിക്കിനെ ജേതാക്കളാക്കിയത്. ചാംപ്യന്‍സ് ലീഗ് കിരീടവും നേടി. പിഎസ്‌വി ഐന്തോവന്‍, ചെല്‍സി, റയല്‍ മഡ്രിഡ് ടീമുകളിലും കളിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ബയണില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അതിനു മുന്‍പേ രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ചിരുന്നു.

Top