അരി കൊമ്പന്‍ ഇനി അപ്പര്‍ കോടയാറില്‍; ദൗത്യം പൂര്‍ത്തിയാക്കി വനംവകുപ്പ് സംഘം മടങ്ങി

കമ്പം: അപ്പര്‍ കോടയാര്‍ ആണ് ഇനി അരിക്കൊമ്പന്റെ പുതിയ കാട്. അരിക്കൊമ്പന്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതായി തമിഴ്‌നാട് വനംവകുപ്പ്. അരിക്കൊമ്പന്‍ ആരോഗ്യവാനാണ് എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദൗത്യം പൂര്‍ത്തിയാക്കി വനംവകുപ്പ് സംഘം മടങ്ങിപ്പോയി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അരിക്കൊമ്പനെ നിരീക്ഷിക്കും. കുതിരവെട്ടി ഗസ്റ്റ് ഹൗസിലാണ് ഉദ്യോഗസ്ഥര്‍ തുടരുന്നത്. ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടര്‍ന്ന് മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് അപ്പര്‍ കോടയാര്‍ വനമേഖലയില്‍ തുറന്നുവിട്ടത് ഇന്നാണ്.

തെക്കന്‍ കേരളത്തിലെ നെയ്യാര്‍, ശെന്തുരുണി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന അപ്പര്‍ കോടയാര്‍ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. ആനയെ തുറന്നുവിട്ടതായി തമിഴ്‌നാട് മുഖ്യവനപാലകന്‍ ശ്രീനിവാസ് റെഡ്ഢി ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ചികിത്സ നല്‍കിയ ശേഷമാണ് തുറന്നുവിട്ടത്. ആനയുടെ മുറിവുകള്‍ക്ക് മതിയായ ചികിത്സ നല്‍കിയിട്ടുണ്ട്. ആന മണിക്കൂറായി അനിമല്‍ ആംബുലന്‍സിലായിരുന്നു. ഉള്‍ക്കാടിലേക്ക് വിട്ടെങ്കിലും റേഡിയോ കോളര്‍ വഴി ആനയെ നിരീക്ഷിക്കുന്നത് തുടരും.

അരിക്കൊമ്പനെ ഇന്നലെ പുലര്‍ച്ചെ തേനിയിലെ പൂശാനം പെട്ടിയില്‍ നിന്നാണ് തമിഴ്‌നാട് വനംവകുപ്പ് പിടികൂടിയത്. ഇടുക്കിയില്‍ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പന്‍ വീണ്ടും തമിഴ്‌നാടിലെ ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടി വെച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തില്‍ ഇറങ്ങിയപ്പോള്‍ വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു. രണ്ട് തവണ മയക്കുവെടിവെച്ചു എന്നാണ് വിവരം. കഴിഞ്ഞ ഏപ്രില്‍ 29 നാണ് ചിന്നക്കനാലില്‍ നിന്നും അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാര്‍ റിസര്‍വിലേക്ക് മാറ്റിയത്.

 

Top