അരിക്കൊമ്പൻ ദൗത്യം രണ്ടാം ദിനം; കൊമ്പൻ നിരീക്ഷണ വലയത്തിൽ

ചിന്നക്കനാൽ: മിഷൻ അരിക്കൊമ്പൻ രണ്ടാം ദിവസമായ ഇന്ന് രാവിലെതന്നെ അരിക്കൊമ്പനെ നിരീക്ഷണ വലയത്തിലാക്കിയെന്ന് ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ അറിയിച്ചു. അനുയോജ്യമായ സ്ഥലത്ത് കൊമ്പനെ കിട്ടിയാൽ മയക്കുവെടിവയ്ക്കും. മയക്കുവെടി സംഘം ബേസ് ക്യാംപിൽനിന്നു പുറപ്പെട്ടു. അതിനിടെ, ഇന്നലെ കണ്ടെത്തിയ ശങ്കരപാണ്ഡ്യമേട്ടിൽ നിന്ന് അരിക്കൊമ്പൻ ദേശീയപാത കടന്ന് 301 കോളനി ഭാഗത്തേക്കു പോയെന്ന് വനംവകുപ്പ് അറിയിച്ചു. 301 കോളനിക്ക് പരിസരത്ത് എത്തിയാൽ മാത്രമേ ആനയെ മയക്കുവെടിവച്ച് പിടികൂടാനാകൂ. അരിക്കൊമ്പനെ ഇന്നു പിടികൂടിയാൽ പെരിയാർ ടൈഗർ റിസർവിലേക്കു കൊണ്ടുപോകുമെന്നാണു സൂചന.

അതിനിടെ, ചക്കക്കൊമ്പൻ സിമന്റ് പാലത്തിനുസമീപം നിലയുറപ്പിച്ചിട്ടുണ്ട്. ചക്കക്കൊമ്പനെയും ദൗത്യസംഘം നിരീക്ഷിക്കുന്നു. അരിക്കൊമ്പൻ ദൗത്യത്തിന് തടസ്സമുണ്ടാക്കാതിരിക്കാനാണ് ശ്രമം.

Top