ജനാധിപത്യ ഭരണത്തില്‍ ഭിന്നതകളുണ്ടാകും, ചര്‍ച്ചയിലൂടെ പരിഹരിക്കുക; ഗവര്‍ണര്‍

പാലക്കാട്: കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള അഭിപ്രായ വ്യത്യസം സംബന്ധിച്ചുള്ള എല്ലാ കേസുകളും തീരുമാനിക്കേണ്ടത് സുപ്രീംകോടതിയാണ്. ജനാധിപത്യസംവിധാനത്തില്‍ അഭിപ്രായഭിന്നതകള്‍ സ്വാഭാവികമാണെന്നും അതെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്നും കേരള ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍. ചര്‍ച്ചകളിലെ അഭിപ്രായ ഭിന്നതയെക്കുറിച്ച് അന്തിമമായി സുപ്രീംകോടതി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റും സംസ്ഥാന നിയമസഭയും ചെയ്യേണ്ട കാര്യങ്ങള്‍ രണ്ടും രണ്ടാണ്. അതിരുകള്‍ മാനിച്ച് ഇരുസഭകളും പരസ്പരം അധികാരപരിധി ലംഘിക്കാന്‍ പാടില്ല. അതില്‍ ഇരുസഭകളും തമ്മില്‍ ഇടപെടാനും പാടില്ല. പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും സംസ്ഥാന നിയമസഭയ്ക്ക് തീരുമാനിക്കാനാവില്ല. അത് തീരുമാനിക്കേണ്ടത് കേന്ദ്രം മാത്രമാണ്.

പൗരത്വ നിയമം സംസ്ഥാനത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നുണ്ടെങ്കില്‍, അതേക്കുറിച്ച് ഒരു പ്രമേയം പാസ്സാക്കാന്‍ ഉദ്ദേശിക്കുന്നു എന്നുണ്ടെങ്കില്‍, ഇപ്പോഴുള്ള നിയമം സസ്‌പെന്‍ഡ് ചെയ്യണമായിരുന്നു. ആ നിയമം സംസ്ഥാനത്ത് സസ്‌പെന്‍ഡ് ചെയ്ത ശേഷം പ്രമേയം പാസ്സാക്കണമായിരുന്നു. അതല്ലാതെ ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ഞാന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയല്ല. ഇന്ത്യന്‍ രാഷ്ട്രപതിയുടെ പ്രതിനിധിയാണ്. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ തര്‍ക്കമോ അഭിപ്രായ ഭിന്നതയോ ഉണ്ടാവുകയോ എന്തെങ്കിലും വിഷയത്തില്‍ കോടതിയില്‍ പോകുകയോ ചെയ്താല്‍ അതു ഗവര്‍ണറെ അറിയിക്കണം. പല വിഷയത്തിലും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവും. എന്ത് തര്‍ക്കങ്ങളുണ്ടായാലും ഭരണഘടനയുടെ ചട്ടക്കൂടിനകത്ത് നിന്ന് അതെല്ലാം പരിഹരിക്കണമെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

ഭരണഘടനയും നിയമങ്ങളും സംരക്ഷിക്കലാണ് എന്റെ ജോലി. അതു താന്‍ നിര്‍വഹിക്കും. രാഷ്ട്രപതി ഒപ്പുവച്ച നിയമം സംരക്ഷിക്കേണ്ടത് തന്റെ കടമയാണ്. ജനാധിപത്യത്തില്‍ എല്ലാവരും പരസ്പരം സഹകരിച്ച് മുന്നോട്ട് നീങ്ങണം. ഗവര്‍ണര്‍ പറഞ്ഞു.

Top