മരട് പ്രശ്‌നത്തില്‍ ആശങ്കയുണ്ട്; ഇടപെടുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ഗവര്‍ണര്‍

കൊച്ചി: മരടിലെ ഫ്ളാറ്റ് ഉടമകളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ വിഷയത്തില്‍ എങ്ങനെ ഇടപെടണമെന്ന് ആലോചിക്കുകയാണെന്നും എന്നാല്‍ ഇക്കാര്യം ഇപ്പോള്‍ പരസ്യപ്പെടുത്താനില്ലെന്നും അദ്ദേഹം പറഞ്ഞു.

മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. നിയമവശം നോക്കി സര്‍ക്കാര്‍ വേണ്ടത് ചെയ്യുമെന്നാണ് കോടിയേരി അറിയിച്ചത്.

അതേസമയം, മരടിലെ ഫ്ളാറ്റുകള്‍ ഒഴിയാന്‍ താമസക്കാര്‍ക്ക് നഗരസഭ നല്‍കിയ കാലാവധി ഇന്ന് അവസാനിക്കും. വൈകുന്നേരം അഞ്ചുമണിക്കുള്ളില്‍ എല്ലാവരും ഫ്ളാറ്റുകള്‍ വിട്ടു ഒഴിയണമെന്നാണ് നിര്‍ദേശം.

ഇന്ന് വൈകുന്നേരത്തിനുള്ളില്‍ താമസക്കാര്‍ ഒഴിഞ്ഞു പോയില്ലെങ്കില്‍ സെക്രട്ടറിയില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ പ്രകാരം മുന്നറിയിപ്പ് ഇല്ലാതെ മറ്റു നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് , മരട് നഗരസഭക്ക് മുന്നില്‍ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ഫ്ളാറ്റ് ഉടമകള്‍.

സുപ്രീംകോടതിയുടെ അന്ത്യശാസനം വന്നതിനു പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഫ്ളാറ്റുകള്‍ ഒഴിയണമെന്നാവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നല്‍കിയത്. അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാതെ ഫ്ളാറ്റുകളില്‍ നിന്ന് ഒഴിയില്ലെന്നും നോട്ടീസ് നല്‍കിയത് നിയമാനുസൃതമല്ലെന്നും കാണിച്ച് ഒഴിപ്പിക്കല്‍ നോട്ടീസിന് 12 ഫ്ളാറ്റുടമകള്‍ മറുപടി നല്‍കിയിരുന്നു.

Top