പ്രവാസികളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആരിഫ് എംപി

തിരുവനന്തപുരം: മസ്‌ക്കറ്റിലേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി യാത്രക്കാരെ കൊള്ളയടിക്കുന്ന എയര്‍ ഇന്ത്യയുടെ നടപടി അവസാനിപ്പിക്കണമെന്ന് എഎം ആരിഫ് എംപി.

സെപ്തംബര്‍ ഒന്ന് മുതല്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ തിരിച്ചത്താമെന്ന ഒമാന്റെ പ്രഖ്യാപനത്തെ കോവിഡ് കാലത്ത് ജോലിയും വരുമാനവും നഷ്ടപ്പെട്ട് കഷ്ടത്തിലായ പ്രവാസികള്‍ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. എന്നാല്‍ അവര്‍ക്ക് ആശ്വാസം പകരുന്നതിനു പകരം ടിക്കറ്റ് നിരക്ക് മൂന്ന് മടങ്ങില്‍ അധികം വര്‍ദ്ധിപ്പിച്ച് 60,000 രൂപയോളമാക്കുകയാണ് എയര്‍ ഇന്ത്യ മാനേജ്മന്റ് ചെയ്തതെന്ന് ആരിഫ് ആരോപിച്ചു.

മാനുഷിക പരിഗണന നല്‍കാതെ കച്ചവട താത്പര്യങ്ങള്‍ മുന്‍ നിര്‍ത്തി മാത്രം എടുത്ത തീരുമാനം അടിയന്തരമായി പിന്‍വലിച്ച് കുറഞ്ഞ നിരക്കില്‍ യാത്രക്കുള്ള സൗകര്യം ഒരുക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്ത് അയച്ചിട്ടുണ്ടെന്നും എംപി അറിയിച്ചു.

Top