‘ക്രമവിരുദ്ധമായി എന്തോ സംഭവിച്ചു’; മാർക്ക് ദാന വിവാദത്തിൽ വീണ്ടും ഗവർണറുടെ ഇടപെടൽ

തിരുവനന്തപുരം : എം.ജി യൂണിവേഴ്സിറ്റി മാർക്ക് ദാന വിവാദത്തിൽ വീണ്ടും ഗവർണറുടെ ഇടപെടൽ. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ഗവർണർ വിസിയോട് ആവശ്യപ്പെട്ടു. പുനർമൂല്യനിർണയ നടപടികൾ ആരംഭിച്ച എംകോം പരീക്ഷയുടെ ഉത്തരക്കടലാസുകൾ സിൻഡിക്കേറ്റ് അംഗം ആർ.പ്രഗാഷിന് നൽകാൻ വിസിയാണ് ആവശ്യപ്പെട്ടത്.

മുപ്പത് വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ, റജിസ്റ്റർ നമ്പർ, അവയുടെ ഫോൾസ് നമ്പർ എന്നിവ സഹിതം പരീക്ഷാ ചുമതലയുള്ള സിൻഡിക്കറ്റ് അംഗത്തിന് നൽകാനായിരുന്നു വിസിയുടെ നിർദേശം.

ക്രമവിരുദ്ധമായി എന്തോ സർവകലാശാലയിൽ സംഭവിച്ചിട്ടുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അമിതാധികാരം ഉപയോഗിച്ചിട്ടുണ്ടെന്ന് സിൻഡിക്കേറ്റ് സമ്മതിച്ചെന്നും തെറ്റു തിരുത്താന്‍ നടപടി സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.

സേവ് ക്യാമ്പസ് കമ്മിറ്റി നൽകിയ പരാതി പരിഗണിച്ചാണ് ഗവർണർ വി.സിയുടെ വിശദീകരണം തേടിയിരിക്കുന്നത്. മാർക്ക് ദാനം റദ്ദാക്കിയ നടപടി വിവാദമായ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം രൂക്ഷവിമർശനം ഗവർണറുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു.

Top