ഗവർണ്ണർ എന്ന പദവി തന്നെ എന്തിനു ? അതു എടുത്ത് കളയുകയാണ് വേണ്ടത്

നാധിപത്യ ഭരണ സംവിധാനത്തില്‍ ഒരിക്കലും സര്‍ക്കാറിനു മീതെയല്ല ഗവര്‍ണര്‍ എന്നത് ആരീഫ് മുഹമ്മദ് ഖാന്‍ തിരിച്ചറിയണം. ജനങ്ങളല്ല കേന്ദ്ര സര്‍ക്കാറാണ് ഗവര്‍ണര്‍മാരെ സംസ്ഥാനങ്ങളിലേക്ക് കെട്ടിയിറക്കുന്നത്. ഇങ്ങനെ വരുന്നവര്‍ ഒരിക്കലും ജനങ്ങള്‍ നേരിട്ടു തിരഞ്ഞെടുത്ത സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കരുത്. ചാന്‍സലര്‍ പദവി അടക്കം ഗവര്‍ണറില്‍ നിന്നും എടുത്ത് മാറ്റി പാഠം പഠിപ്പിച്ച ഒരു ഭരണാധികാരി നമ്മുടെ തൊട്ടടുത്ത അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ തന്നെ ഉണ്ടായിട്ടുണ്ട്. കേരളം ഇതുവരെ ആ പാതയില്‍ പോകാത്തത് ഉന്നതമായ ബോധം പുലര്‍ത്തുന്നതു കൊണ്ടു മാത്രമാണ്.

ഏത് മുന്നണി ഭരിച്ചാലും ആ സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഒരു ഗവര്‍ണറെയും അനുവദിച്ചുകൂടാ. ഇവിടെയാണ് ആരീഫ് മുഹമ്മദ് ഖാന്റെ മുന്‍ഗാമി ജസ്റ്റിസ് സദാശിവത്തിന്റെ പ്രവര്‍ത്തനത്തെ നാം അഭിനന്ദിക്കേണ്ടത്. ഒരു തരത്തിലുള്ള ‘വിലപേശലിനും’ സമ്മര്‍ദ്ദത്തിനും ജസ്റ്റിസ് സദാശിവം തയ്യാറായിട്ടില്ല. ഗവര്‍ണര്‍ പദവിയുടെ ഉന്നത പാരമ്പര്യം മുറുകെ പിടിച്ചു മാത്രമാണ് ഈ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മുന്നോട്ട് പോയിട്ടുള്ളത്.

ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗമായ ഹരി എസ്. കര്‍ത്തയെ ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചതില്‍ വിയോജിപ്പ് രേഖപ്പെടുത്തി കത്തയച്ച പൊതുഭരണ സെക്രട്ടറി ജ്യോതി ലാലിനെ മാറ്റിയതിന് പിന്നാലെ മാത്രമാണ് നയപ്രഖ്യാപനത്തില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറായിരുന്നത്. ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടില്ലെന്ന് അറിയിച്ചതിന് പിന്നാലെ ചേര്‍ന്ന മന്ത്രിതല യോഗത്തിനു ശേഷമാണ് ജ്യോതി ലാലിനെ മാറ്റാന്‍ തീരുമാനിച്ചിരുന്നത്. അതിനു സര്‍ക്കാര്‍ നിര്‍ബന്ധിക്കപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം.

ബംഗാളില്‍ ഇപ്പോള്‍ മമത ബാനര്‍ജിയും തമിഴകത്ത് മുന്‍പ് മുഖ്യമന്ത്രി ആയിരുന്ന ജയലളിതയും സ്വീകരിച്ചതു പോലെയുള്ള ഒരു നിലപാടും ഗവര്‍ണറുടെ കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. ആ മാന്യത തിരിച്ചു കാണിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ തയ്യാറാവണമായിരുന്നു. അതുണ്ടാവാതിരുന്നത് തികച്ചും ദൗര്‍ഭാഗ്യകരം തന്നെയാണ്.

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ മന്ത്രിസഭ പാസാക്കിയ നയപ്രഖ്യാപനം അംഗീകരിക്കുക മാത്രമാണ് ഗവര്‍ണര്‍ക്ക് മുന്നിലുള്ള ഏകപോംവഴി. ഇത് അറിയില്ലങ്കില്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒരിക്കലും യോഗ്യനല്ല. കേരളത്തിലെ മുന്‍ ഗവര്‍ണര്‍മാരില്‍ നിന്നും വ്യത്യസ്തമായി ഒരു രാഷ്ട്രീയ നേതാവിനെ പോലെയാണ് മിക്കപ്പോഴും ആരിഫ് മുഹമ്മദ് ഖാന്‍ പെരുമാറി കൊണ്ടിരിക്കുന്നത്.

പൗരത്വഭേദഗതിയെ അനുകൂലിച്ച് പരസ്യമായി രംഗത്തു വന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇപ്പോള്‍ ഹിജാബ് വിഷയത്തിലും ബി.ജെ.പി നിലപാടാണ് ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്. വി.സി നിയമന വിവാദത്തിനു തുടക്കമിട്ടതും ഗവര്‍ണര്‍ തന്നെയാണ്. മന്ത്രി ആര്‍. ബിന്ദുവിനെതിരെ രൂക്ഷമായാണ് അദ്ദേഹം പ്രതികരിച്ചിരുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ലോകായുക്ത പിന്നീട് മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയാണുണ്ടായത്. ”മന്ത്രി നല്‍കിയത് ശുപാര്‍ശ മാത്രമാണെന്നും ഗവര്‍ണര്‍ക്ക് വേണമെങ്കില്‍ ഇത് തള്ളാമായിരുന്നു എന്നും നിരീക്ഷിച്ച ലോകായുക്ത, മന്ത്രി എന്ന നിലയില്‍ ബിന്ദു പക്ഷപാതപരമായി പെരുമാറിയിട്ടില്ലന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗവര്‍ണര്‍ക്കുള്ള മാസ് മറുപടി കൂടിയാണിത്.

ഇത്തരത്തില്‍ നിരന്തരം വിവാദം സൃഷ്ടിക്കുന്നത് ആരിഫ് മുഹമ്മദ് ഖാന് ഇപ്പോള്‍ വലിയ ഹോബിയാണ്. മാധ്യമങ്ങളുമായി മുന്‍ഗാമികള്‍ പുലര്‍ത്തിയിരുന്ന അകലമൊന്നും ആരിഫ് മുഹമ്മദ് ഖാന്‍ വയ്ക്കുന്നില്ല. പലപ്പോഴും പ്രതിപക്ഷ നേതാവിനെ പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നത് ഭരണപക്ഷവും ചൂണ്ടിക്കാട്ടുന്നുണ്ട്. ഏത് ഗവര്‍ണര്‍ വന്നാലും അവര്‍ കേന്ദ്രത്തിന്റെ ‘അജണ്ട’ യാണ് നടപ്പാക്കാന്‍ ശ്രമിക്കുക എന്നതിനാല്‍ മാത്രമാണ് ആരിഫ് മുഹമ്മദ് ഖാനെതിരെ സി.പി.എം കടുപ്പിക്കാതിരിക്കുന്നത്. അതേസമയം ഗവര്‍ണറുടെ നിലപാടിനോടുള്ള എതിര്‍പ്പ് നയപ്രഖ്യാപന പ്രസംഗം നടക്കുമ്പോള്‍ ഭരണപക്ഷ അംഗങ്ങളുടെ മുഖത്തും പ്രകടമായിരുന്നു.

ഇനിയും ഇത്തരം നിലപാടുമായി ഗവര്‍ണര്‍ മുന്നോട്ട് പോയാല്‍ വകവെച്ചു കൊടുക്കേണ്ടതില്ലന്ന തീരുമാനവും ഇടതുപക്ഷം എടുത്തിട്ടുണ്ട്. ചാന്‍സലര്‍ പദവി സംബന്ധിച്ച കേന്ദ്ര റിപ്പോര്‍ട്ടിനു നല്‍കുന്ന മറുപടിയില്‍ ചാന്‍സലര്‍ പദവി ഭരണഘടന പദവി അല്ലാത്തതിനാല്‍ ഗവര്‍ണര്‍ വഹിക്കേണ്ടതില്ലന്ന നിലപാട് സ്വീകരിക്കാനാണ് കേരളത്തിന്റെ തീരുമാനം. തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര, ഒറീസ, തെലങ്കാന, ആന്ധ്ര, രാജസ്ഥാന്‍ തുടങ്ങി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളും സമാന നിലപാട് സ്വീകരിക്കാനാണ് സാധ്യത.

ഗവര്‍ണര്‍മാരെ നിലയ്ക്കു നിര്‍ത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ഉടനെ തന്നെ ഡല്‍ഹിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമാണ് ഈ നീക്കങ്ങള്‍ക്കു പിന്നില്‍. സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിപക്ഷം പ്രതിജ്ഞാബദ്ധമാണെന്നാണ് എം.കെ സ്റ്റാലിന്‍ വ്യക്തമാക്കിയിരിക്കുന്നത്.

മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയായ ‘നീറ്റില്‍’ നിന്ന് തമിഴ് നാടിനെ ഒഴിവാക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ബില്‍ ഗവര്‍ണര്‍ അംഗീകരിക്കാതെ തിരിച്ചയച്ചതാണ് സ്റ്റാലിന്‍ സര്‍ക്കാറിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ബംഗാളിലാകട്ടെ നിയമസഭാ സമ്മേളനം നിര്‍ത്തിവെപ്പിച്ച ഗവര്‍ണറുടെ നടപടിയാണ് മമതയെയും ചൊടിപ്പിച്ചിരിക്കുന്നത്. ഇരുവരുടെയും ഗവര്‍ണര്‍വിരുദ്ധ നീക്കത്തിനു ഇതിനകം തന്നെ നിരവധി സംസ്ഥാനങ്ങള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.

ഭരണഘടനയുടെ 174ാം വകുപ്പ് പ്രകാരമാണ് ബജറ്റ് സമ്മേളനത്തെ തുടര്‍ന്നുള്ള നടപടികള്‍ നടക്കുന്നതിനിടെ ഫെബ്രുവരി 12 മുതല്‍ സഭ നിര്‍ത്തിവെക്കുന്നതായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ പത്രക്കുറിപ്പിലൂടെ വിജ്ഞാപനം ഇറക്കിയിരുന്നത്. നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം കൊണ്ടുവരാനുള്ള ഭരണകക്ഷിയുടെ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ ഈ അസാധാരണ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗവര്‍ണര്‍ക്കെതിരെ പ്രമേയം കൊണ്ടുവരുമെന്ന് ബംഗാള്‍ പാര്‍ലമെന്റ് വകുപ്പ് മന്ത്രി പാര്‍ഥ ചാറ്റര്‍ജിയാണ് നേരത്തേ അറിയിച്ചിരുന്നത്.

തമിഴകത്ത് അണ്ണാ ഡി.എം.കെ, പിഎംകെ തുടങ്ങി ബി ജെ പി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികളുടെയെല്ലാം പിന്തുണയോടെയാണ് നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ബില്‍ തമിഴ്‌നാട് നിയമസഭ പാസ്സാക്കിയിരുന്നത്. രാജ്യമെമ്പാടും ഒറ്റ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തുന്നത് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്കും സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ഉള്‍പ്പെടെ മെഡിക്കല്‍ പ്രവേശനം നിഷേധിക്കപ്പെടാന്‍ ഇടയാക്കുന്നു എന്നതാണ് തമിഴ്‌നാടിന്റെ വാദം.

ഏകീകൃത പരീക്ഷകള്‍ക്ക് പകരം പ്ലസ് ടുമാര്‍ക്ക് അടിസ്ഥാനപ്പെടുത്തിയായിരിക്കണം മെഡിക്കല്‍ പ്രവേശനം നടത്തേണ്ടത് എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യമുന്നയിച്ച് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ അംഗീകരിച്ച ബില്ലാണ് ഗവര്‍ണര്‍ ആര്‍ എന്‍ രവി തിരിച്ചയച്ചത്. തുടര്‍ന്ന്, ഫെബ്രുവരി ഒമ്പതിന് തമിഴ്‌നാട് നിയമസഭ വീണ്ടും ഈ ബില്‍ അവതരിപ്പിച്ച് പാസ്സാക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി സ്റ്റാലിന്‍, ”സംസ്ഥാനത്തിന് ഒരു ഗവര്‍ണറെ ആവശ്യമുണ്ടോയെന്ന” ചോദ്യവുമായി രംഗത്തു വന്നിരുന്നത്.

എന്തിനൊരു ഗവര്‍ണര്‍ എന്ന സ്റ്റാലിന്റെ ചോദ്യം രാജ്യത്ത് മുമ്പും പലപ്പോഴും ഉയര്‍ന്നിട്ടുള്ളതാണ്. കോണ്‍ഗ്രസ്സ് ഭരിച്ചപ്പോള്‍ ബിജെപി ഉള്‍പ്പെടെയുള്ളവരും ബിജെപി ഭരിക്കുമ്പോള്‍ ഇതര കക്ഷികളും ഈ ചോദ്യം ശക്തമായി ഉന്നയിച്ചിട്ടുണ്ട്. എന്തിനേറെ ഭരണഘടന തയ്യാറാക്കുന്ന ഘട്ടത്തില്‍ തന്നെ ഈ ചോദ്യം ഉയര്‍ന്നിട്ടുണ്ട് എന്നതാണ് വസ്തുത. കേന്ദ്രസംസ്ഥാന ബന്ധങ്ങള്‍ സംരക്ഷിക്കാന്‍ ഭരണഘടനയില്‍ മറ്റു ധാരാളം മാര്‍ഗങ്ങള്‍ ഉണ്ടായിരിക്കെ കേന്ദ്രത്തിന്റെ ഒരു പ്രതിനിധിയെ സംസ്ഥാനത്ത് നിയമക്കുന്നത് അനാവശ്യമാണെന്ന വാദമാണ് ഗവര്‍ണര്‍ നിയമനത്തെ എതിര്‍ക്കുന്നവര്‍ പ്രധാനമായും ഉന്നയിച്ചിരുന്നത്.

എന്നാല്‍, ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ബ്രിട്ടീഷ് ഭരണരീതി പിന്തുടരണമെന്ന നിലപാടിനാണ് അന്നു മേല്‍ക്കോയ്മ ലഭിച്ചിരുന്നത്. തുടര്‍ന്നാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരു ഗവര്‍ണര്‍ വേണമെന്ന നിര്‍ദേശം ഭരണഘടനയിലും ഇടംപിടിച്ചിരുന്നത്. ബ്രിട്ടീഷ് കോളനി കാലത്തെന്നപോലെ കേന്ദ്ര ഭരണകൂടത്തിന്റെ ദല്ലാള്‍മാരിയാണ് സംസ്ഥാനങ്ങളുടെ ഈ ‘ഭരണത്തലവന്മാര്‍’ പിന്നിട് മാറിയിരുന്നത്.

സര്‍ക്കാറിയ കമ്മീഷനും എം എം പഞ്ചി കമ്മീഷനും ശിപാര്‍ശ ചെയ്തത് രാഷ്ട്രീയക്കാരെ ഗവര്‍ണര്‍മാരായി നിയമിക്കരുതെന്നാണ്. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച നിഷ്പക്ഷമതികളായ ഉന്നത വ്യക്തികളായിരിക്കണം ഗവര്‍ണര്‍മാര്‍ എന്നും അവര്‍ ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴും കേന്ദ്ര ഭരണത്തോടുള്ള വിധേയത്വമാണ് ഗവര്‍ണര്‍ നിയമനത്തിനുള്ള പ്രധാന മാനദണ്ഡമായി കണക്കാക്കുന്നത്. വിധേയത്വം പ്രകടിപ്പിക്കാത്തവരുണ്ടെങ്കില്‍ ഉടന്‍ തന്നെ കേന്ദ്രം തല്‍സ്ഥാനത്ത് നിന്ന് തെറിപ്പിക്കുകയും ചെയ്യും. കേന്ദ്രത്തില്‍ ആരു ഭരിച്ചാലും ഇന്നും പിന്തുടരുന്ന രീതിയാണിത്.

പ്രതിപക്ഷ ഭരണത്തിലിരിക്കുന്ന സംസ്ഥാന സര്‍ക്കാറുകളെ അട്ടിമറിച്ച് കേന്ദ്ര ഭരണകക്ഷിയെ അധികാരത്തിലേറ്റാന്‍ സഹായിക്കുക സംസ്ഥാന സര്‍ക്കാറിനെതിരെ ഡല്‍ഹിയിലേക്ക് റിപോര്‍ട്ടുകള്‍ അയക്കുക നിയമസഭ അംഗീകരിച്ച ബില്ലുകള്‍ തടഞ്ഞു വെക്കുക ചാന്‍സലര്‍ പദവി ദുരുപയോഗം ചെയ്യുകയും അതുവഴി സര്‍വകലാശാലകളില്‍ പ്രതിസന്ധി സൃഷ്ടിക്കുക എന്നതെല്ലാം പുതിയ കാലത്തും നടന്നു വരുന്ന ഏര്‍പ്പാടുകളാണ്. ഗവര്‍ണര്‍മാരുടെ ഇത്തരം അധികാരദുര്‍വിനിയോഗമാണ് ‘ഗവര്‍ണര്‍ പദവി തന്നെ ആവശ്യമുണ്ടോ’ എന്ന ചര്‍ച്ചയിലേക്ക് രാജ്യത്തെ വീണ്ടും വീണ്ടും കൊണ്ടു പോയി കൊണ്ടിരിക്കുന്നത്.

ഇന്ത്യയെ സംസ്ഥാനങ്ങളുടെ യൂനിയന്‍ ആയാണ് ഭരണഘടനയുടെ ഒന്നാം അനുഛേദം നിര്‍വചിച്ചിരിക്കുന്നത്. യൂനിയനും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനം രാജ്യത്തിന്റെ കെട്ടുറപ്പിനും അനിവാര്യമാണ്. ഇത് തുല്യതയിലും സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായ ബന്ധമായിരിക്കുകയും വേണം. അതു തന്നെയാണ് ഫെഡറലിസം കൊണ്ടും ലക്ഷ്യമിടുന്നത്. ഇത്തരമൊരു നല്ല ബന്ധം നിലനിര്‍ത്തുകയാണ് ഗവര്‍ണര്‍മാരുടെയും ബാധ്യത. അതു ചെയ്യാതെ ധിക്കാരവും സമ്മര്‍ദ്ദവുമായി രംഗത്തിറങ്ങിയാല്‍ ‘പണി’ പാളുക തന്നെ ചെയ്യും. അതും ഓര്‍ത്തു കൊള്ളണം.

EXPRESS KERALA VIEW

Top