ഹെയ്തിയുടെ പ്രധാനമന്ത്രിയായി ഏരിയല്‍ ഹെന്റി സ്ഥാനമേറ്റു

പോര്‍ട്ട് ഓ പ്രിന്‍സ്: ഏരിയല്‍ ഹെന്റിയെ ഹെയ്തിയുടെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. പ്രസിഡന്റ് ജോവനല്‍ മോയ്സ് വെടിയേറ്റ് മരിച്ചതിന് പിന്നാലെ രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു. ജൂലൈ ഏഴിന് ജോവനല്‍ കൊല്ലപ്പെടുന്നതില്‍ എതാനും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഏരിയല്‍ ഹെന്റിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തിരുന്നു.

സെപ്റ്റംബറിലാണ് അടുത്ത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക. അതുവരെ പ്രധാനമന്ത്രിയായിരിക്കും ഭരണകാര്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക. തെരഞ്ഞെടുപ്പില്‍ എല്ലാവര്‍ക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യം ഉറപ്പുവരുത്തുമെന്ന് ഏരിയല്‍ ഹെന്റി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

രാജ്യത്തിന്റെ സുഗമമായ ഭരണത്തിന് ഏരിയല്‍ ഹെന്റിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ഐക്യരാഷ്ട്ര സഭയും, അമേരിക്കയും, ജര്‍മനിയും അറിയിച്ചു. ദാരിദ്രവും കുറ്റകൃത്യങ്ങളും, രാഷ്ട്രീയ അസ്ഥിരതയും, പ്രകൃതി ദുരന്തങ്ങളും തുടര്‍ക്കഥയായ ഒരു രാജ്യത്തിന്റെ തലപ്പത്തേക്കാണ് ഏരിയല്‍ ഹെന്റി എത്തിയിരിക്കുന്നത്.

 

 

Top