ബ്ലാസ്റ്റേഴ്‌സിലേക്ക് അര്‍ജന്റൈന്‍ താരം എത്തുന്നു

എസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് അര്‍ജന്റൈന്‍ താരം എത്തുന്നു. സ്‌ട്രൈക്കര്‍ ഹോര്‍ഹെ പെരേര ഡിയാസ് ആണ് പുതുതായി ക്ലബിലെത്തുക. താരം ഒരു വര്‍ഷത്തേക്ക് ക്ലബുമായി കരാര്‍ ഒപ്പിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ക്ലബിന്റെ മൂന്നാമത്തെ വിദേശ സൈനിംഗ് ആണ് 31കാരനായ അര്‍ജന്റൈന്‍ താരം.

ഇതിനോടകം ഉറുഗ്വെ മധ്യനിര താരം അഡ്രിയാന്‍ ലൂണ, ബോസ്‌നിയന്‍ പ്രതിരോധ താരം എനെസ് സിപോവിന്‍ എന്നിവരെയാണ് ബ്ലാസ്റ്റേഴ്‌സ് വിദേശതാരങ്ങളായി ടീമിലെത്തിച്ചിരിക്കുന്നത്. അതേസമയം, പുതിയ സൈനിംഗിനെപ്പറ്റി ക്ലബ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

2008ല്‍ അര്‍ജന്റൈന്‍ ക്ലബ് ഫെറോ കാരില്‍ ഓസ്റ്റെക്ക് വേണ്ടി കളിച്ചാണ് താരം പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. അവസാനമായി അത്ലറ്റികോ പ്ലാറ്റന്‍സിലാണ് ഹോര്‍ഹെ കളിച്ചത്. മെക്‌സിക്കോ, ബൊളീബിയ, ചിലി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകളിലും ഹോര്‍ഹെ ബൂട്ടണിഞ്ഞിട്ടുണ്ട്.

അതേസമയം, ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഡ്യൂറന്‍ഡ് കപ്പ് സെപ്തംബറിലെന്ന് സൂചനയുണ്ട്. സെപ്തംബര്‍ അഞ്ചിന് ടൂര്‍ണമെന്റ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019ല്‍ ഗോകുലം കേരളയാണ് ചാമ്പ്യന്മാരായത്. കൊവിഡ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ ഡ്യൂറന്‍ഡ് കപ്പ് നടത്തിയിരുന്നില്ല.

 

Top