‘അപു എത്തി’ മോദിയെ കാര്‍ട്ടൂണ്‍ കഥാപാത്രമാക്കി പരിഹസിച്ച ചാനല്‍ വിവാദത്തില്‍

ന്യൂഡല്‍ഹി ; ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് അര്‍ജന്റീനിയന്‍ വാര്‍ത്താ ചാനല്‍. അമേരിക്കന്‍ ടെലിവിഷന്‍ സീരിസായ സിംപ്‌സണിലെ ഇന്ത്യന്‍ കഥാപാത്രമായ അപുവായി ചിത്രീകരിച്ചാണ് ബ്യൂണസ് ജി -20 ഉച്ചകോടിക്കായി അര്‍ജന്റീനയിലെത്തിയ മോദിയെ ചാനല്‍ പരിഹസിച്ചത്.

നരേന്ദ്ര മോദി അര്‍ജന്റീനയില്‍ വിമാനമിറങ്ങുന്ന ചിത്രത്തിന്റെ കൂടെ കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ ചിത്രമാണ് ചാനല്‍ നല്‍കിയത്. ഇതോടൊപ്പം ‘അപു എത്തി’ എന്ന ക്യാപ്ഷനും നല്‍കി.

പശ്ചാത്തലത്തില്‍ സ്ലം ഡോഗ് മില്യനയര്‍ എന്ന ചിത്രത്തിലെ റിങ് റിങ എന്ന ഗാനവും ചേര്‍ത്താണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. മുമ്പ് അമേരിക്കന്‍ ടെലിവിഷന്‍ സീരിസായ സിംപ്‌സണ്‍ ഏറെ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അപു എന്ന കഥാപാത്രം ദക്ഷിണേഷ്യക്കാരെ വംശീയമായി അധിക്ഷേപിക്കുന്നതാണെന്നാണ് അന്ന് വിവാദങ്ങള്‍ക്കുള്ള കാരണം.

അതേസമയം അര്‍ജന്റീനിയന്‍ ചാനലായ ക്രോണിക ടിവിക്കെതിരെ വ്യാപക വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നിരിക്കുന്നത്.

Top