അർജന്റീനയുടെ ലോകകപ്പ് ഫൈനൽ പ്രവേശനം;ലോട്ടറിയടിച്ചത് അഡിഡാസിന്

ഖത്തർ ലോകകപ്പിൽ അർജൻറീന ഫൈനൽ വരെയെത്തിയതോടെ ജർമൻ ബ്രാൻഡായ അഡിഡാസിന് വലിയ ലോട്ടറിയാണ് അടിച്ചിരിക്കുന്നത് . കമ്പനി പുറത്തിറക്കുന്ന സൂപ്പർതാരം ലയണൽ മെസിയുടെ പത്താം നമ്പർ ജേഴ്‌സി പലയിടത്തും കിട്ടാനില്ല. ബ്യൂണസ് ഐറിസ്, ദോഹ, ടോകിയോ തുടങ്ങിയ ഇടങ്ങളിലെ അഡിഡാസ് സ്‌റ്റോറുകളിൽ അർജൻറീനൻ നായകന്റെ ജേഴ്‌സി തീർന്നിരിക്കുകയാണ്. സ്പാനിഷ് കായിക മാധ്യമമായ ‘മാർക്ക’യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ചെറുത്, വലുത്, സ്ത്രീകൾക്കുള്ളത്, പുരുഷന്മാർക്കുള്ളത് എന്നിങ്ങനെ വ്യത്യാസമൊന്നുമില്ല, ഒരു തരം ജേഴ്‌സിയും കിട്ടാനില്ല. മുമ്പേ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ജേഴ്‌സിയുടെ വിൽപ്പന അർജൻറീന ഫൈനലിൽ എത്തിയതോടെയാണ് കുതിച്ചുയർന്നത്.അഡിഡാസിന്റെ വളർച്ചയിൽ അർജൻറീന പ്രധാനഘടകമാണ്. ലോകത്തുടനീളം സ്വാധീനം സൃഷ്ടിക്കുന്ന തരത്തിൽ കമ്പനിയുടെ ജേഴ്‌സി ധരിക്കുന്ന വേറെ ദേശീയ ടീമില്ല. ജേഴ്‌സി ലഭിക്കാതായോടെ നിരവധി പരാതികളാണ് അർജൻറീന ഫുട്‌ബോൾ അസോസിയേഷന് ലഭിക്കുന്നത്. ജേഴ്‌സി കൂടുതൽ വിൽക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും എന്നാൽ അഡിഡാസാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും ജനരോഷത്തിനൊപ്പം ഇറക്കുമതി പ്രശ്‌നങ്ങൾ, മാനവവിഭവ ശേഷിക്കുറവ് തുടങ്ങിയവ അവരെ ബാധിച്ചിട്ടുണ്ടാകാമെന്നും അസോസിയേഷൻ അധികൃതർ പറഞ്ഞു.

ലോകത്തുടനീളമുള്ള സ്‌റ്റോറുകളിലും ഓൺലൈൻ വിൽപ്പനയിലും സ്‌റ്റോക്ക് തീർന്ന ഉത്പന്നത്തിന്റെ ക്ഷാമം ഒരു രാത്രി കൊണ്ട് തീർക്കാനാകുന്നതല്ലെന്നാണ് അഡിഡാസ് വ്യക്തമാക്കുന്നത്. എങ്കിലും പരമാവധി ഉത്പന്നമെത്തിക്കാൻ കമ്പനി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ച ഫൈനലിൽ അർജൻറീന വിജയിച്ചാൽ അർജൻറീന കിറ്റും മെസി കിറ്റും ലോകത്തുടനീളം ലഭ്യമാക്കും. നീലപ്പട കിരീടം നേടിയാൽ ആഘോഷത്തിന് വേണ്ടിയുള്ള ജേഴ്‌സികളും മെസിയുടെ വ്യക്തിഗത കാര്യങ്ങൾ വെച്ചുള്ള ജേഴ്‌സികളും ഒരുങ്ങുകയാണ്.

Top