സൂപ്പർതാരം ലയണൽ മെസി നിറഞ്ഞാടി; അര്‍ജന്റീന റഷ്യന്‍ ലോകകപ്പ് യോഗ്യത നേടി

ക്വി​റ്റോ: ആരാധകർ നെഞ്ചിടിപ്പോടെ കാത്തിരുന്ന നിമിഷത്തിൽ സൂപ്പർതാരം ലയണൽ മെസി നിറഞ്ഞാടിയപ്പോൾ, അടുത്ത വർഷം റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ കളിക്കാൻ മുൻ ലോകചാംപ്യൻമാരായ അർജന്റീന യോഗ്യത നേടി.

തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിലെ നിർണായക മത്സരത്തിൽ ഇക്വഡോറിനെ അവരുടെ തട്ടകത്തിൽ 3–1ന് തകർത്താണു അർജന്റീനയുടെ നേട്ടം.

കളിയിലുടനീളം മേധാവിത്വം പുലർത്തിയ അർജന്റീന, മെസിയുടെ ഹാട്രിക് ഗോളിന്റെ തിളക്കത്തിലാണു വിജയം സ്വന്തമാക്കിയത്.

ആദ്യ പകുതിയിൽ 2-1ന് മുന്നിട്ടു നിന്ന അർജന്‍റീന രണ്ടാം പകുതിയിൽ ഒരുവട്ടം വട്ടംകൂടി ഇക്വഡോർ വലകുലുക്കിയപ്പോൾ നിയോഗം പൂർ‌ത്തിയാക്കി.

സ്വന്തം രാജ്യത്തിനുവേണ്ടി മികച്ച കളി പുറത്തെടുക്കാറില്ലെന്ന വിമർശനത്തിന്റെ മുനയൊടിക്കുന്നതായിരുന്നു മെസിയുടെ ഗോളുകൾ.

ലാറ്റിനമേരിക്കൻ മേഖലയിൽ നിന്ന് ബ്രസീലും ഉ​റു​ഗ്വെ​യും നേരത്തെ തന്നെ ലോകകപ്പ് കളിക്കാനുള്ള ടിക്കറ്റ് നേടിയിരുന്നു.

ഇരുടീമുകൾക്കും പിന്നിൽ മൂന്നാമതായാണ് അർജന്‍റീന ലോകകപ്പിന് യോഗ്യത നേടിയത്. ബ്രസീലിന് 41ഉം ഉറുഗ്വയ്ക്ക് 31ഉം അർജന്‍റീനയ്ക്ക് 28ഉം പോയിന്‍റാണുള്ളത്.

സമനില പോലും പുറത്തേക്കുള്ള ചൂണ്ടുവിരലായേക്കാമായിരുന്ന മത്സരത്തിൽ 11, 18, 62 മിനിറ്റുകളിലാണ് മെസിമാജിക് ഫുട്ബോൾ ലോകം ശരിക്കും കണ്ടത്.

മേഖലയിലെ മറ്റ് മത്സരങ്ങളിൽ ബ്രസീൽ ചിലിയേയും ഉറുഗ്വ ബൊളീവിയയേയും പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ ചിലിയെ തോൽപിച്ചത്.

ഉറുഗ്വ ബൊളീവിയയെ തോൽപിച്ചതാകട്ടെ രണ്ടിനെതിരെ നാല് ഗോളുകൾക്കും. അർജന്‍റീന ഇക്വഡോറിനെ തോൽപിച്ചതാനാൽ ജയം അനിവാര്യമായിരുന്ന പെറുവിന് പക്ഷേ, ബോളീവിയയോട് സമനില (1-1) വഴങ്ങേണ്ടി വന്നു. പ്ലേഓഫിൽ ന്യൂസിലാൻഡിനോടായിരിക്കും പെറു മത്സരിക്കുക.

Top