ഡി മരിയയുടെ ഗോളിൽ അർജന്റീന മുന്നോട്ട്; അടുത്ത മാച്ച് ബ്രസീലിനെതിരെ

ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനക്ക് ജയം. ഉറുഗ്വായ്ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന്റെ ജയമാണ് അർജന്റീന നേടിയത്. കളിയുടെ ഏഴാം മിനുട്ടിലെ ആഞ്ചൽ ഡി മരിയയുടെ ഗോളാണ് അർജന്റീനക്ക് ജയം നേടിക്കൊടുത്തത്. പെനാൽറ്റി ബോക്സിന്റെ എഡ്ജ ഉറുഗ്വെൻ യുവതാരം ജോവക്വിൻ പികരെസിന്റെ അശ്രദ്ധ മുതലെടുത്ത ഡിമരിയക്ക് ലക്ഷ്യം പിഴച്ചതുമില്ല.

ലുയിസ് സുവാരസ് ഒന്നിലധികം തവണ അർജന്റീനിയൻ പ്രതിരോധത്തെ പരീക്ഷിച്ചെങ്കിലും ഉറുഗ്വെക്ക് ലക്ഷ്യം കാണാനായില്ല. എങ്കിലും കഴിഞ്ഞ മാസം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ട ഉറുഗ്വെ ഇത്തവണ അർജന്റീനക്ക് മുൻപിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്നും രണ്ട് ഗോളുകൾ നേടാനേ ഉറുഗ്വെക്ക് സാധിച്ചിട്ടുള്ളൂ.

പരിക്കേറ്റ് പിഎസ്ജിയുടെ കഴിഞ്ഞ രണ്ട് മത്സരങ്ങൾ നഷ്ടമായിരുന്ന ലയണൽ മെസ്സി കളിയുടെ അവസാന 15 മിനുട്ടിൽ കളിക്കളത്തിലിറങ്ങി. ഈ ജയത്തോട് കൂടി 28 പോയന്റുമായി ബ്രസീലിന് 6 പോയന്റ് പിന്നിലാണ് അർജന്റീന. അതേ സമയം ഉറുഗ്വേ, കൊളംബിയ, ചിലി എന്നീ ടീമുകൾക്ക് 16 പോയന്റാണ്. ബ്രസീലാണ് അർജന്റീനയുടെ അടുത്ത എതിരാളികൾ.

Top