എല്‍ സാല്‍വദോറിനെതിരായ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം

ഫിലഡല്‍ഫിയ: എല്‍ സാല്‍വദോറിനെതിരായ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ലോകചാമ്പ്യന്മാരുടെ വിജയം. 16-ാം മിനിറ്റില്‍ ക്രിസ്റ്റിന്‍ റൊമേരോ, 42-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ്, 52-ാം മിനിറ്റില്‍ ജിയോവാനി ലോസെല്‍സോ എന്നിവര്‍ അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടി.

എല്‍ സാല്‍വദോറിന്റെ പോരാട്ടം രണ്ട് ഷോട്ടുകളില്‍ ഒതുങ്ങി. അതില്‍ ഒരെണ്ണം മാത്രമായിരുന്നു ലക്ഷ്യത്തിലേക്ക് പായിച്ചത്. അര്‍ജന്റീനയുടെ ഗോളെണ്ണം മൂന്നില്‍ നിര്‍ത്താന്‍ സാധിച്ചത് മാത്രമാണ് എല്‍ സാല്‍വദോറിന്റെ ഏക നേട്ടം.

പരിക്കേറ്റ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇല്ലാതിരുന്നത് അര്‍ജന്റീനന്‍ നിരയില്‍ പ്രതിഫലിച്ചില്ല. മത്സരത്തില്‍ വ്യക്തമായ മുന്‍തൂക്കം ലോകചാമ്പ്യന്മാര്‍ക്ക് ഉണ്ടായിരുന്നു. മത്സരം ഏകദേശം പൂര്‍ണമായും എല്‍ സാല്‍വദോര്‍ പോസ്റ്റിന് പുറത്താണ് പുരോഗമിച്ചത്. 80 ശതമാനവും പന്തിനെ നിയന്ത്രിച്ചത് അര്‍ജന്റീനന്‍ സംഘമാണ്. 24 ഷോട്ടുകള്‍ അര്‍ജന്റീനന്‍ താരങ്ങള്‍ പായിച്ചു. അതില്‍ 14 എണ്ണം ലക്ഷ്യത്തിലേക്കായിരുന്നു.

Top