അവസാന നിമിഷം മെസ്സിയുടെ പെനാല്‍റ്റി ഗോള്‍; അര്‍ജന്റീന-ഉറുഗ്വേ സമനിലയില്‍

ഫൈനല്‍ വിസിലിന് തൊട്ടുമുമ്പ് മെസ്സി നേടിയ പെനാല്‍റ്റി ഗോളിലൂടെ യുറഗ്വായ്ക്കെതിരെ സമനില നേടിയെടുത്ത് അര്‍ജന്റീന. ഇസ്രായേലില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ 2-2-നാണ് ഇരുടീമുകളും സമനില പാലിച്ചത്.

34-ാം മിനിറ്റില്‍ എഡിന്‍സന്‍ കവാനിയിലൂടെ ആദ്യം ലീഡ് നേടിയത് യുറഗ്വായാണ്. ക്ലോസ് റേഞ്ചിലൂടെ കവാനി തന്റെ അമ്പതാം അന്താരാഷ്ട്ര ഗോള്‍ ഇതിലൂടെ സ്വന്തമാക്കി.

മെസ്സിയുടെ അളന്നുമുറിച്ച ഫ്രീകിക്കില്‍ 63-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയിലൂടെ അര്‍ജന്റീന ഒപ്പമെത്തി.

എന്നാല്‍ 69-ാം മിനിറ്റില്‍ ലൂയിസ് സുവാരസ് അത്യുഗ്രന്‍ ഫ്രീകിക്കിലൂടെ യുറഗ്വായെ വീണ്ടും മുന്നില്‍ എത്തിച്ചു. ബോക്സില്‍ വെച്ച് മാര്‍ട്ടിന്‍ കസിറെസ് പന്ത് കൈക്കൊണ്ട് തടഞ്ഞതിന് പെനാല്‍റ്റി ലഭിച്ച്, 90+2 മിനിറ്റില്‍ മെസ്സി പെനാല്‍റ്റിയിലൂടെയാണ് അര്‍ജന്റീനക്ക് സമനില നേടിക്കൊടുത്തത്.

Top