വിദേശ കറന്‍സി ഉപയോഗത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി അര്‍ജന്റീന

ബ്യൂണസ് അയേഴ്സ്; കറന്‍സി ഉപയോഗത്തില്‍ അര്‍ജന്റീന നിയന്ത്രണമേര്‍പ്പെടുത്തി. വിദേശ കറന്‍സി ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കാണ് അര്‍ജന്റീനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഗുരുതര സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

പരമാവധി ഇടപാടുകള്‍ അര്‍ജന്റീനിയന്‍ കറന്‍സിയായ പെസോയിലൂടെ നടത്താനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

എന്നാല്‍ വ്യക്തികള്‍ക്ക് അമേരിക്കന്‍ ഡോളര്‍ വാങ്ങുന്നതിന് തടസമില്ല. അതേസമയം ഒരു മാസത്തിനിടയില്‍ 7 ലക്ഷത്തിലധികം രൂപയുടെ ഇടപാടാണ് നടത്തുന്നതെങ്കില്‍ പ്രത്യേക അനുമതി വാങ്ങണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും നേരത്തേയെടുത്ത വായ്പ തിരിച്ചടക്കുന്നത് തത്ക്കാലത്തേക്ക് നിര്‍ത്തിവെക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

രാജ്യത്തെ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാന്‍ അസാധാരണമായ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും സര്‍ക്കാര്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. തൊഴിലവസരങ്ങള്‍ നിലനിര്‍ത്താനും ഉപഭോക്താക്കളെ സംരക്ഷിക്കാനുമായാണ് പുതിയ നടപടികളെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. നാണയ സ്ഥിരത നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്ന് കേന്ദ്രബാങ്ക് അധികൃതര്‍ അറിയിച്ചു.

Top