യുഎസില്‍ നിന്ന് ‘മരണവിമാനം’ തിരികെ എത്തിച്ച് അര്‍ജന്റീന

അര്‍ജന്റീന: സൈനിക ഏകാധിപത്യ കാലത്ത് അര്‍ജന്റീനയില്‍ ഭരണകൂടം എതിരാളികളെ ആകാശത്തുനിന്ന് കടലിലേക്കും പുഴകളിലേക്കും എറിഞ്ഞു കൊലപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന വിമാനങ്ങളിലൊന്നാണ് യുഎസില്‍ നിന്നു തിരികെയെത്തിച്ചു.ഷോര്‍ട് എസ്സി 7 സ്‌കൈവാന്‍ വിമാനം സൈനിക ഏകാധിപത്യത്തിന്റെ ഇരകളുടെ സ്മാരകമായി മ്യൂസിയം ഓഫ് മെമ്മറിയുടെ ഭാഗമാക്കും. അക്കാലത്തെ ഏറ്റവും കുപ്രസിദ്ധമായ തടങ്കല്‍ കേന്ദ്രമാണ് പിന്നീട് മ്യൂസിയമാക്കി മാറ്റിയത്.

അര്‍ജന്റീനയില്‍ 1976-1983ലെ സൈനിക ഭരണകാലത്താണു രാഷ്ട്രീയ തടവുകാരെ മയക്കുമരുന്നു നല്‍കി ബോധം കെടുത്തിയശേഷം പട്ടാള വിമാനത്തില്‍ നിന്നു കടലിലേക്ക് എറിഞ്ഞു കൊലപ്പെടുത്തുന്ന രീതി നിലവിലുണ്ടായിരുന്നത്. ഇത്തരം പട്ടാള വിമാനങ്ങള്‍ ‘മരണവിമാനം’ എന്നറിയപ്പെട്ടു. അര്‍ജന്റീനയില്‍ ഇത്തരത്തില്‍ 30,000 പേരെ തട്ടിക്കൊണ്ടു പോകുകയോ കൊലപ്പെടുത്തുകയോ ചെയ്തെന്നാണു കണക്ക്. ലിയോനി ഡ്യൂക്യുറ്റ് എന്നൊരു കന്യാസ്ത്രീയുടെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്നു നടന്ന അന്വേഷണമാണ് ‘മരണവിമാനങ്ങളെ’യും അവ പറത്തിയിരുന്ന ‘കൊലയാളി പൈലറ്റു’മാരെയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നത്. അര്‍ജന്റീനയില്‍ 1983ല്‍ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ട ശേഷം പട്ടാള ഏകാധിപതികള്‍ പലരും തടവിലായി.

Top