‘കേരളം ഒരു സംസ്ഥാനം മാത്രം’; അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ട്വീറ്റ് അശ്രദ്ധം: യുപി പൊലീസ് ഉദ്യോഗസ്ഥ

ത്തർ ലോകകപ്പ് നേടിയതിന് പിന്നാലെ കേരളത്തിന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ നടത്തിയ ട്വീറ്റ് അശ്രദ്ധമെന്ന് ഉത്തർ പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥ. യുപി പൊലീസ് ഡിഎസ്പി അഞ്ജലി കടാരിയ ആണ് ട്വീറ്റ് തിരുത്തണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നത്. ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണ് കേരളമെന്നും അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ട്വീറ്റ് അശ്രദ്ധയാണെന്നും അഞ്ജലി തന്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.

‘അർജന്റീനയിലെ ഔദ്യോഗിക കായിക സമിതിയിൽ നിന്നുള്ളതെന്ന നിലയിൽ ട്വീറ്റ് അശ്രദ്ധമാണ്. കേരളത്തെ പ്രത്യേകമായി ഉൾപ്പെടുത്തിയത്, അതും ബ്രിട്ടൺ ഭരിച്ച ഇന്ത്യയിൽ നിന്ന് രക്തരൂക്ഷിതമായി മാറ്റപ്പെട്ട മൂന്ന് രാഷ്ട്രങ്ങളിൽ ഉൾപ്പെടുത്തിയത് ആത്‌മാഭിമാനമുള്ള ഏത് ഇന്ത്യക്കാരനും നീരസത്തോടെയേ വായിക്കൂ.’- അഞ്ജലി ട്വീറ്റ് ചെയ്തു. ലോകകപ്പിൽ അർജന്റീനയ്ക്ക് നൽകിയ പിന്തുണയ്ക്ക് കഴിഞ്ഞ ദിവസമാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രത്യേകം നന്ദി അറിയിച്ചത്. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കൊപ്പം കേരളത്തെയും അസോസിയേഷൻ പ്രത്യേകം പരാമർശിച്ചു. ഇത് രാജ്യാന്തര തലത്തിൽ പോലും ചർച്ചയായിരുന്നു. ലോകകപ്പ് ആരംഭിക്കുന്നതിനു മുൻപ് കോഴിക്കോട് പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച കട്ടൗട്ടുകൾ ഉൾപ്പെടെ രാജ്യാന്തര മാധ്യമങ്ങളിൽ വാർത്തയായി.

Top