’10-ാം നമ്പര്‍ ജഴ്‌സി ഇനി ആര്‍ക്കും നല്‍കില്ല’; മെസ്സിക്ക് ആദരവുമായി അര്‍ജന്റീന

ബ്യൂണസ് ഐറിസ് : അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പത്താംനമ്പര്‍ ജഴ്‌സി ഇനിയാര്‍ക്കും നല്‍കില്ലെന്ന തീരുമാനത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. മെസ്സി വിരമിക്കുന്നതോടെ പത്താംനമ്പര്‍ ജഴ്‌സിയും അനശ്വരമാകും. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ, ബോര്‍ഡ് പ്രസിഡന്റ് ക്ലൗഡിയോ ടാപിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘മെസ്സി ദേശീയ ടീമില്‍നിന്ന് വിരമിക്കുന്നതോടെ, പത്താംനമ്പര്‍ ജഴ്‌സി മറ്റാര്‍ക്കും ഞങ്ങള്‍ നല്‍കില്ല. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ഥം പത്താംനമ്പര്‍ ജഴ്‌സി പിന്‍വലിക്കും. ഇതാണ് അദ്ദേഹത്തിനുവേണ്ടി ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യം’-ക്ലൗഡിയോ പറഞ്ഞു.

അര്‍ജന്റീനയുടെതന്നെ മറ്റൊരു ഫുട്‌ബോള്‍ ഇതിഹാസമായിരുന്ന ഡീഗോ മാറഡോണയും രാജ്യത്തിനുവേണ്ടി പത്താംനമ്പര്‍ ജഴ്‌സി അണിഞ്ഞിരുന്നു. ഇത് പിന്‍വലിക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ 2002-ല്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ആ വര്‍ഷത്തെ ലോകകപ്പില്‍ ഒന്നുമുതല്‍ 23 വരെയുള്ള എല്ലാ നമ്പറുകളും ധരിക്കണമെന്ന ഫിഫയുടെ നിയമം ജഴ്‌സി പിന്‍വലിക്കുന്നതിന് തടസ്സമായി.

അര്‍ജന്റീനക്ക് 2022-ല്‍ ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനാണ് മെസ്സി. ഖത്തറില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെയായിരുന്നു അര്‍ജന്റീനയുടെ ജയം. ലോകകപ്പ് കൂടാതെ കോപ്പ അമേരിക്ക, ഫൈനലിസിമ എന്നീ കിരീടങ്ങളും മെസ്സിക്കു കീഴില്‍ അര്‍ജന്റീന നേടിയിട്ടുണ്ട്. രാജ്യത്തിനായി 180 മത്സരങ്ങള്‍ കളിച്ച മെസ്സി, 106 ഗോളുകളാണ് നേടിയത്.

Top