ബ്രസീലുമായി വീണ്ടും യോഗ്യതാ മത്സരം കളിക്കാനാവില്ല, അന്താരാഷ്ട്ര കായിക കോടതിയെ സമീപിച്ച് അര്‍ജന്റീന

ബ്യൂണസ് അയേഴ്സ്: ലോകകപ്പ് യോഗ്യതാ റൗറൌണ്ടിനിടെ ബ്രസീലിയൻ ആരോഗ്യപ്രവർത്തകർ തടസ്സപ്പെടുത്തിയ ബ്രസീൽ-അർജന്‍റീന മത്സരം സംബന്ധിച്ച തർക്കം അന്താരാഷ്ട്ര കായിക കോടതിയിൽ. മത്സരം വീണ്ടും നടത്താനുള്ള ഫിഫയുടെ നീക്കത്തിനെതിരെ അർജന്‍റീന ഫുട്‌ബോൾ ഫെഡറേഷനാണ് കോടതിയെ സമീപിച്ചത്.

കഴിഞ്ഞ സെപ്റ്റംബറിൽ ബ്രസീലിൽ നടന്ന മത്സരമാണ്കിക്കോഫ് കഴിഞ്ഞ് മിനിറ്റുകള്‍ക്കകം ആരോഗ്യപ്രവര്‍ത്തകരുടെ നാടകീയ ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്തത്. എലിയാനോ മാർട്ടിനെസ്, ക്രിസ്ത്യൻ റൊമേറോ, ജിയോവാനി ലോസെൽസോ എന്നിവർ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപിച്ചാണ് മത്സരം തടസ്സപ്പെടുത്തിയത്. പിന്നീട് ഈ മത്സരം നടത്തിയില്ല.

ഈ മത്സരം സെപ്റ്റംബറിൽ വീണ്ടും നടത്തണമെന്നാണ് ഫിഫയുടെ ആവശ്യം. ഇതിനെതിരെയാണ് അർജന്‍റീന ഫുട്‌ബോൾ അസോസിയേഷൻ അന്താരാഷ്ട്ര കായിക കോടതിയെ സമീപിച്ചത്, മത്സരം നടത്താതെ മുഴുവൻ പോയിന്‍റും അർജന്‍റീനയ്ക്ക്
നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അടുത്തമാസം ആദ്യവാരം കോടതി വിധി വന്നേക്കും. ഇരുടീമുകളും ഈ വര്‍ഷം ഖത്തറില്‍ നടക്കുന്ന ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയിരുന്നു. ബ്രസീല്‍ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തും അര്‍ജന്‍റീന രണ്ടാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ഖത്തര്‍ ലോകകപ്പിന് മുമ്പ് അര്‍ജന്‍റീനയും ബ്രസീലും തമ്മില്‍ ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നടത്താനിരുന്ന സൗഹൃദ പോരാട്ടവും നേരത്തെ ഉപേക്ഷിച്ചിരുന്നു. അര്‍ജന്‍റീന അപ്രതീക്ഷിതമായി പിന്‍മാറിയതിനാലാണ് അവസാന നിമിഷം മത്സരം ഉപേക്ഷിച്ചത്.മത്സരത്തിന്‍റെ 60,000-ലേറെ ടിക്കറ്റുകൾ വിറ്റതിനു ശേഷമാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.

Top