സ്‌കൂളില്‍ പോകാന്‍ മടിയാണോ, കുട്ടികള്‍ക്ക് സഹായിയായി റോബോട്ട് പോകും; പദ്ധതിയുമായി ജപ്പാന്‍

വിദ്യാര്‍ഥികള്‍ക്ക് പകരമായി സ്‌കൂളില്‍ പോകാനും ക്ലാസ് മുറികളില്‍ ഇരുന്ന് പാഠഭാഗങ്ങള്‍ പഠിച്ചെടുക്കാനും റോബോട്ടുകളെ ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ് ഒരു ജപ്പാന്‍ നഗരം. സ്‌കൂളില്‍ പോകാന്‍ വിമുഖത കാണിക്കുന്ന കുട്ടികള്‍ക്ക് ഒരു പഠനസഹായിയെന്ന നിലയിലും സ്‌കൂളുമായുള്ള അവരുടെ അപരിചിതത്വം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് ഇത്തരത്തില്‍ റോബോട്ടുകളെ ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ റോബോട്ടുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് അവരുടെ വീട്ടിലിരുന്ന് തന്നെ പാഠഭാഗങ്ങള്‍ പഠിക്കാനും അധ്യാപകരുമായി സംസാരിക്കാനും സാധിക്കും.

ജപ്പാനിലെ പ്രാദേശിക പത്രമായ മൈനിച്ചി ഷിംബുന്‍ പത്രം പറയുന്നതനുസരിച്ച്, തെക്ക് – പടിഞ്ഞാറന്‍ ജപ്പാനിലെ കുമാമോട്ടോ എന്ന നഗരമാണ് വിദ്യാര്‍ഥികള്‍ക്കായി ഇത്തരത്തില്‍ ഒരു വെര്‍ച്വല്‍ ഹാജര്‍ പരീക്ഷണം റോബോട്ടുകളിലൂടെ നടപ്പിലാക്കാന്‍ പദ്ധതിയിടുന്നത്. മൈക്രോഫോണുകള്‍, സ്പീക്കറുകള്‍, ക്യാമറകള്‍ എന്നിവ ഘടിപ്പിച്ച റോബോട്ടുകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരുമായും അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളുമായും എളുപ്പത്തില്‍ ആശയവിനിമയം നടത്താം. നവംബര്‍ മാസത്തോടെ ഇത് ക്ലാസ് മുറികളില്‍ അവതരിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്നടി വലിപ്പമുള്ള ഈ റോബോട്ടുകള്‍ സ്വയം ചലന ശേഷിയുള്ളവരായിരിക്കും.

ഇത്തരത്തിലുള്ള സംരംഭം രാജ്യത്ത് ഇതാദ്യമാണെന്ന് കുമാമോട്ടോ മുനിസിപ്പല്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ അറിയിപ്പില്‍ പറയുന്നു. ക്ലാസില്‍ ഹാജരാകാത്ത കുട്ടികളുടെ ഉത്കണ്ഠ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂളില്‍ തങ്ങളെ പ്രതിനിധീകരിക്കുന്ന റോബോട്ടുകളെ കുട്ടികള്‍ക്ക് വീട്ടില്‍ ഇരുന്ന് തന്നെ നിയന്ത്രിക്കാന്‍ കഴിയും. ഇത് ക്ലാസുകളിലും സഹപാഠികളുമായുള്ള ചര്‍ച്ചകളിലും പങ്കെടുക്കാന്‍ അവരെ അനുവദിക്കുമെന്ന് കുമാമോട്ടോ മുനിസിപ്പല്‍ വിദ്യാഭ്യാസ ബോര്‍ഡ് അറിയിച്ചു. മറ്റ് രാജ്യങ്ങളെപ്പോലെ, കോവിഡ് -19 മഹാമാരിക്ക് ശേഷം ജപ്പാനിലും സ്‌കൂളില്‍ പോകാത്ത കുട്ടികളുടെ എണ്ണം വര്‍ധിച്ചതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

Top