രണ്ട് എസ്.പിമാരാണോ സംസ്ഥാന പൊലീസിനെ ഭരിക്കുന്നത് ?

രണത്തില്‍ പാര്‍ട്ടിക്കാര്‍ അനാവശ്യ ഇടപെടല്‍ നടത്തരുതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരിക്കുന്നത്. മറ്റൊരു മുഖ്യമന്ത്രിക്കും സ്വീകരിക്കാന്‍ കഴിയാത്ത ശക്തമായ നിലപാടാണിത്. ‘വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകുന്ന’ സ്ഥിതി മാറ്റി എന്തെങ്കിലും അനിവാര്യമായ കാര്യമുണ്ടെങ്കില്‍ അത് ബന്ധപ്പെട്ട പാര്‍ട്ടി ഘടകം വഴി ഉന്നയിക്കുക എന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണ്. പശ്ചിമ ബംഗാളിലും ത്രിപുരയിലും ഇടതുപക്ഷത്തിന് ഭരണം നഷ്ടമാകുന്നതില്‍ സി.പി.എം പ്രവര്‍ത്തകരുടെ അനാവശ്യമായ ഇടപെടലുകളും വലിയ പങ്കാണ് വഹിച്ചിരിക്കുന്നത്. ആ അനുഭവത്തില്‍ നിന്നുള്ള ഒരു മാറ്റമാണ് കേരളത്തിലെ സി.പി.എമ്മും മുഖ്യമന്ത്രിയും ഇതുവഴി ലക്ഷ്യമിട്ടിരിക്കുന്നത്.

പോലീസ് സ്‌റ്റേഷനുകളിലേക്ക് അനാവശ്യമായി വിളിക്കരുത് തദ്ദേശ സ്ഥാപനങ്ങളുടെ ഭരണത്തില്‍ അനാവശ്യമായി ഇടപെടരുത് തുടങ്ങിയ കാര്യങ്ങളാണ് സി.പിഎം പ്രവര്‍ത്തകരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. സി പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രതിനിധികളോട് ചില നിര്‍ദേശങ്ങള്‍ എന്ന നിലയില്‍ വീണ്ടും സംസാരിക്കവേയാണ് പിണറായി ഇക്കാര്യം വെളിപ്പെടുത്തിയത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത്തരമൊരു നിര്‍ദേശം മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടാകുമ്പോള്‍ അതിനു അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ ഓഫീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ട്.

പൊലീസ് അസോസിയേഷനുകള്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നിയമനത്തില്‍ ഇടപെടേണ്ടതില്ല എന്ന നിലപാട് വ്യക്തമായും സ്വീകരിച്ച മുഖ്യമന്ത്രിയാണ് പിണറായി. മുന്‍ കാലങ്ങളില്‍ ഐ.പി.എസുകാരുടെ നിയമനത്തില്‍ പോലും സിവില്‍ പൊലീസുകാരുടെ സംഘടന ഇടപെട്ട സാഹചര്യം വരെ ഉണ്ടായിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റിന്റെ അച്ചടക്കത്തെ തന്നെ ബാധിക്കുന്ന നീക്കങ്ങളായിരുന്നു അത്. അത്തരം ചില ഇടപെടലുകള്‍ ഇപ്പോള്‍ ഇല്ലങ്കിലും മറ്റൊരു തലത്തില്‍ ചില ഇടപെടലുകള്‍ നടക്കുന്നുണ്ടോ എന്നത് ഗൗരവമായി പരിശോധിക്കപ്പെടേണ്ട കാര്യം തന്നെയാണ്.

ഐ.പി.എസുകാരുടെ സ്ഥലം മാറ്റത്തില്‍ ഉള്‍പ്പെടെ രണ്ട് എസ്.പിമാര്‍ ഇടപെടുന്നുവെന്ന ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിയെ ‘ അങ്കിള്‍’ എന്നു വിളിക്കാന്‍ സ്വാതന്ത്ര്യം ഉണ്ട് എന്ന് അവകാശപ്പെടുന്ന പൊലീസ് ആസ്ഥാനത്തെ ഒരു എസ്.പിയും കൈക്കൂലിക്കേസില്‍ മുമ്പ് സസ്‌പെന്‍ഷനിലായ മറ്റൊരു എസ്.പിയുമാണ് ഇത്തരം ഇടപെടല്‍ നടത്തുന്നതെന്നാണ് ആരോപണം. ‘സമാന്തര ഇന്റലിജന്‍സായി’ വരെ ഇവര്‍ ജില്ലകളില്‍ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് തെറ്റായ വിവരങ്ങള്‍ കൈമാറുന്നു എന്ന ആക്ഷേപം പൊലീസ് സേനയിലും ശക്തമാണ്. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ ഇക്കാര്യത്തില്‍ ശക്തമായ എതിര്‍പ്പുണ്ടെന്നാണ് സൂചന. എസ്.പി റാങ്കിലുള്ള ഈ രണ്ട് ഉദ്യോഗസ്ഥരും അവരുടെ താല്‍പ്പര്യങ്ങളാണ് യാര്‍ത്ഥത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതത്രെ. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീനം തങ്ങള്‍ക്കുണ്ടെന്ന് വരുത്തി തീര്‍ത്തുള്ള ഈ ഇടപെടല്‍ മുഖ്യമന്ത്രിയുടെ നിലവിലെ പൊലീസ് നയത്തിനു തന്നെ എതിരാണ്.

സംസ്ഥാനത്ത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു ഇന്റലിജന്‍സ് സംവിധാനം ആണ് ഉള്ളത്. മികച്ച ഉദ്യോഗസ്ഥനെന്ന് ഇതിനകം തന്നെ പേരെടുത്ത വിനോദ് കുമാറാണ് ഇന്റലിജന്‍സ് മേധാവി. ഈ സംവിധാനത്തിന് അപ്പുറം ഒരു സംവിധാനം ഉണ്ടെന്ന് ആരോപിക്കുന്നത് പോലും ശരിയല്ല. അത് പൊലീസിന്റെ സിസ്റ്റത്തിനു തന്നെ എതിരാണ്. മുഖ്യമന്ത്രി അറിയാതെ ഏതെങ്കിലും എസ്പിമാര്‍ ഇത്തരം ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കില്‍ അതിന് മൂക്കുകയറിടാന്‍ മുഖ്യമന്ത്രി തയ്യാറാകണം. പൊലീസ് അച്ചടക്കമുള്ള ഒരു സേനാവിഭാഗമാണ്. അവിടെ കീഴുദ്യോഗസ്ഥര്‍, മേലുദ്യോഗസ്ഥര്‍ക്കു മേല്‍ അഹങ്കാരം കാണിക്കാന്‍ ശ്രമിച്ചാല്‍ വലിയ പ്രത്യാഘാതമാണുണ്ടാകുക.

പാരവയ്പ്പിനു പേരു കേട്ട സേനയാണ് കേരള പൊലീസ്. പൊലീസുകാര്‍ മുതല്‍ ഐ.പി.എസുകാര്‍ മുതല്‍ ഉള്ളവരില്‍ പലര്‍ക്കും പല താല്‍പ്പര്യങ്ങളും കാണും ഇഷ്ടമില്ലാത്ത ഉദ്യോഗസ്ഥരെ താറടിച്ചു കാണിക്കാനും സ്ഥലമാറ്റങ്ങളില്‍ ഇടപെടാനും ബോധപൂര്‍വ്വമായ ശ്രമമുണ്ടാകും. ഇങ്ങനെ ഇത്തരക്കാരുടെ ശുപാര്‍ശയില്‍ പദവിയില്‍ വരുന്നവര്‍ക്ക് കടപ്പാടും ഇവരോടായിരിക്കും. അക്കാര്യവും ഓര്‍ത്തു കൊള്ളണം. അത്തരം താല്‍പ്പര്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസായിട്ട് അവസരമുണ്ടാക്കി കൊടുക്കരുത്.

സി പി.എം പൊലീസ് ഭരണത്തില്‍ ഇടപെടാതെ മാറി നില്‍ക്കുന്നത് തന്നെ ആക്ഷേപം ഒഴിവാക്കാനും നിഷ്പക്ഷ നീതി നിര്‍വ്വഹണം ഉറപ്പു വരുത്താനുമാണ്. എന്നാല്‍ ഈ അവസരം മുതലെടുത്ത് ചില എസ്.പിമാര്‍ ഉള്‍പ്പെടെ രംഗത്ത് വന്നാല്‍ അത് സേനക്ക് മാത്രമല്ല പൊതു സമൂഹത്തിനും അംഗീകരിച്ചു കൊടുക്കാന്‍ കഴിയുന്നതല്ല. ഇത്തരം ഇടപെടലുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു അറിയിക്കാനുള്ള ബാധ്യത സംസ്ഥാന ഇന്റലിജന്‍സിനുമുണ്ട്. അവര്‍ ആ ചുമതലയാണ് നിര്‍വ്വഹിക്കേണ്ടത്.

EXPRESS KERALA VIEW

Top