നായ്ക്കള്‍ മനുഷ്യരോടൊപ്പം ജീവിച്ചതിന്റെ തെളിവുമായി സൗദി പുരാവസ്തു സംഘം

ലണ്ടന്‍: അറേബ്യന്‍ ഉപദ്വീപില്‍ നായ്ക്കള്‍ മനുഷ്യരുമായി സഹവസിച്ചതിന്റെ ഏറ്റവും പഴയ തെളിവുകള്‍ പുരാവസ്തു ഗവേഷകരുടെ സംഘം കണ്ടെത്തി. സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശമായ അല്‍ ഉലയിലെ ഒരു ശ്മശാനഭൂമിയില്‍ നടത്തിയ പര്യവേക്ഷണത്തിലാണ് ഇതിന്റെ തെളിവുകള്‍ കാണപ്പെട്ടത്. ഇവിടെ നിന്നും 6300ലധികം വര്‍ഷം പഴക്കമുള്ള നായയുടെ അസ്ഥികള്‍ ഗവേഷകര്‍ കണ്ടെത്തി. രാജ്യത്ത് തിരിച്ചറിഞ്ഞ ഏറ്റവും പഴയ ശ്മശാന സ്ഥലങ്ങളിലൊന്നാണ് അല്‍ ഉലയിലുള്ളത്. ബി സി 4300 മുതല്‍ 600 വര്‍ഷത്തോളം ഉപയോഗത്തിലിരുന്ന ശ്മശാനമാണ് ഇതെന്ന് സൗദി പ്രസ് ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അറേബ്യന്‍ ഉപദ്വീപിലെ പുരാതന നിവാസികളുമായി നായ്ക്കള്‍ ഒരുമിച്ച് ജീവിച്ചു എന്നതിന്റെ ഏറ്റവും പഴയ തെളിവാണ് ഇതെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

ഉടമകള്‍ മരിക്കുമ്പോള്‍ അവരോടൊപ്പം നായ്ക്കളെ സംസ്‌ക്കരിച്ചിരുന്നതിന്റെ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. നായ്ക്കളുടെ 26 അസ്ഥികളും, 6 കുട്ടികള്‍ ഉള്‍പ്പടെ 11 മനുഷ്യരുടെ അസ്ഥികളും ഗവേഷക സംഘം കണ്ടെത്തി. സൗദി, ഓസ്‌ട്രേലിയന്‍, യൂറോപ്യന്‍ ഗവേഷകര്‍ ഉള്‍പ്പെടുന്ന സംഘമാണ് അല്‍ ഉലയില്‍ ഗവേഷണം നടത്തുന്നത്. സാറ്റലൈറ്റ് ഇമേജറിയും തുടര്‍ന്ന് ഹെലികോപ്റ്ററില്‍ നിന്നുള്ള ഏരിയല്‍ ഫോട്ടോഗ്രാഫിയും ഉപയോഗിച്ചാണ് സൈറ്റുകള്‍ കണ്ടെത്തിയത്. പുതിയ കണ്ടെത്തലുകള്‍ മധ്യപൂര്‍വ്വേഷ്യയിലെ നിയോലിത്തിക്ക് കാലഘട്ടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്ന് സര്‍വേയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ മെലിസ കെന്നഡി പറഞ്ഞു.

 

Top