മണിപ്പൂര്‍ കലാപ സമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനം മറക്കില്ല; ബിജെപിക്കെതിരെ തൃശൂര്‍ അതിരൂപത

തൃശൂര്‍: ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി തൃശൂര്‍ അതിരൂപത. ‘മറക്കില്ല മണിപ്പൂര്‍’ എന്ന തലക്കെട്ടില്‍ അതിരൂപതാ മുഖപത്രമായ ‘കത്തോലിക്ക സഭ’യിലൂടെയാണ് വിമര്‍ശനം. മണിപ്പൂര്‍ കലാപ സമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനം മറക്കില്ല. ആണുങ്ങള്‍ ഇല്ലാത്തതുകൊണ്ടാണോ ആണാകാന്‍ തൃശൂരിലേക്ക് വരുന്നതെന്നും സുരേഷ് ഗോപിയെ അതിരൂപത വിമര്‍ശിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് മത തീവ്രവാദികള്‍ എത്ര ചമഞ്ഞൊരുങ്ങിയാലും അവരെ വേര്‍തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ വോട്ടര്‍മാര്‍ക്കുണ്ടെന്നും അതിരൂപത അഭിപ്രായപ്പെട്ടു.

ബിജെപിയുടെ അപ്രഖ്യാപിത സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവന തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് മറ്റ് പാര്‍ട്ടികള്‍. സ്വന്തം പാര്‍ട്ടിക്ക് തൃശൂരില്‍ പറ്റിയ ആണുങ്ങള്‍ ഇല്ലാത്തതുകൊണ്ടോണോ പ്രസ്താവനക്കാരന്‍ തൃശൂരില്‍ ആണാകാന്‍ വരുന്നതെന്ന ചോദ്യം അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ നേരത്തെ തന്നെ കൗതുകമുണര്‍ത്തിയിട്ടുണ്ടെന്നും അതിരൂപത പരിഹസിച്ചു.

മറ്റ് സംസ്ഥാനങ്ങളില്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും തൃശൂര്‍ അതിരൂപത പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാന്‍ പ്രധാനമന്ത്രി ഒരക്ഷരം ഉരിയാടിയിട്ടില്ല. എന്തുകൊണ്ട് മൗനം പാലിച്ചുവെന്നത് ജനാധിപത്യബോധമുള്ളവര്‍ക്ക് മനസ്സിലാവും. ഭാരതത്തിന്റെ ഇതരഭാഗങ്ങളിലും ഹിന്ദു വര്‍ഗീയ വാദികള്‍ അഴിഞ്ഞാടുമ്പോള്‍ ഈ മൗനം പ്രകടമാവുന്നുണ്ടെന്നും അതിരൂപത വിമര്‍ശിച്ചു.

Top