സിനഡ് കുർബാനയ്ക്കെതിരെ അതിരൂപത സംരക്ഷണ സമിതി

കൊച്ചി: സിറോ മലബാര്‍ സിനഡ് പിതാക്കന്മാര്‍ ഒപ്പിട്ട് പുറത്തിറക്കിയ സര്‍ക്കുലര്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ വായിക്കേണ്ടതില്ലെന്ന് അതിരൂപത സംരക്ഷണ സമിതി. സിനഡ് അധാര്‍മികമായും നടപടിക്രമം ലംഘിച്ചും മാര്‍പാപ്പയെ തെറ്റിദ്ധരിപ്പിച്ചും എടുത്ത തീരുമാനമാണെന്നും അതിരൂപതയിലെ വൈദികരും അല്മായരും കൊടുത്ത ആയിരക്കണക്കിനു നിവേദനങ്ങള്‍ക്ക് യുക്തിഭദ്രമായ മറുപടി നല്‍കാതെ സര്‍ക്കുലറിലൂടെ വീണ്ടും പറഞ്ഞാല്‍ അതിരൂപതയുടെ നിലപാട് മാറ്റാന്‍ തങ്ങള്‍ തയ്യാറല്ലെന്നും സഭ സംരക്ഷണ സമിതി വ്യക്തമാക്കി.

സിറോ മലബാര്‍ സഭയുടെ നവീകരിച്ച കുര്‍ബാന പുസ്തകം തന്നെയാണ് അതിരൂപതയിലെ വൈദികര്‍ കുര്‍ബാനയ്ക്കായി ഉപയോഗിക്കുന്നത്. അതിലെ നടപടിക്രമം തെറ്റിച്ചെടുത്ത കുര്‍ബാന അര്‍പ്പണ രീതിയില്‍ മാത്രമാണ് വ്യത്യാസമുള്ളത്. അതിന്‍റെ പേരില്‍ അതിരൂപത കത്തോലിക്കാ സഭയുടെ കൂട്ടായ്മയില്‍ നിന്നും പോലും പുറത്തു പോകുന്നു എന്ന തരത്തില്‍ സര്‍ക്കുലറിലെഴുതിയത് തികച്ചും തെറ്റിദ്ധാരണാജനകമാണ്. പുതിയ മേജര്‍ ആര്‍ച്ചുബിഷപ് പ്രശ്നപരിഹാര പാതയിലാണെങ്കില്‍ ഇത്തരം സര്‍ക്കുലര്‍ നൽകരുതായിരുന്നുവെന്ന് കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ കൂടിയ വൈദികയോഗം പ്രമേയം പാസ്സാക്കി.

Top