കെജരിവാളിന്റെ വിജയത്തിന് പിന്നിലെ ബുദ്ധികേന്ദ്രമിതാണ്!

ന്യൂഡല്‍ഹി: ബിജെപിയെയും കോണ്‍ഗ്രസിനെയും തള്ളിപ്പറഞ്ഞ് ജനങ്ങള്‍ കെജരിവാളിന് വീണ്ടും അവസരം കൊടുത്തപ്പോള്‍ ഡല്‍ഹിയില്‍ സ്ഥാനമുറപ്പിക്കാന്‍ പ്രശാന്ത് കിഷോര്‍ എന്ന തിരഞ്ഞെടുപ്പ് വിദഗ്ധന്റെ തന്ത്രങ്ങള്‍ കൂടിയാണ് എഎപിക്ക് ഗുണമായത്. ഡല്‍ഹിയുടെ വികസന ലക്ഷ്യങ്ങള്‍ ഊന്നിപ്പറഞ്ഞ് ജനനായകനായി അരവിന്ദ് കെജ്‌രിവാള്‍ മൂന്നാംതവണയും ജയിച്ചു കയറുമ്പോള്‍ വിജയിക്കുന്നത് പ്രശാന്ത് കിഷോര്‍ കൂടിയാണ്.

ഡല്‍ഹി ജനതയോട് ഹൃദയത്തിന്റെ ഭാഷയില്‍ കെജ്‌രിവാള്‍ നന്ദി രേഖപ്പെടുത്തിയപ്പോള്‍ ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കുന്നതിനായി നിലകൊണ്ട ഡല്‍ഹിക്ക് നന്ദിയെന്ന് പ്രശാന്തും ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ആറുമാസമായി കെജ്‌രിവാളിനൊപ്പം പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വര്‍ഗീതയയെ ബിജെപി ആയുധമാക്കിയപ്പോള്‍ അവ തൊടാതെ ഡല്‍ഹിയുടെ വികസനമെന്ന ലക്ഷ്യങ്ങള്‍ മാത്രം കെജ്രിവാള്‍ മുന്നോട്ടുവെച്ചതിന് പിന്നില്‍ പ്രശാന്ത് കിഷോര്‍ ആണ്.

മോദിയെ ലക്ഷ്യമിട്ടുളള പ്രത്യക്ഷ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക എന്നുള്ളതായിരുന്നു പ്രശാന്തിന്റെ തന്ത്രങ്ങളില്‍ പ്രധാനപ്പെട്ടത്. കാരണം ആം ആദ്മിക്ക് ധാരാളം ബിജെപി വോട്ടുകള്‍ ലഭിക്കാനുണ്ടെന്നും അതിനാല്‍ അവര്‍ക്കെതിരെ തിരിയുന്നതില്‍ അര്‍ഥമില്ലെന്നുള്ളതുമായിരുന്നു അതിനുപിന്നിലെ വാദം. കെജരിവാളിന്റെ പ്രവര്‍ത്തനമുല്യം ഉര്‍ത്താനായി, നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് എല്ലാ നിയോജക മണ്ഡലത്തിലെയും 25,000 വീടുകളില്‍ എത്തിക്കുകയും 15,000 വോട്ടര്‍മാര്‍ക്ക് കത്തുകളയക്കുകയും ചെയ്തു എഎപി.

തികഞ്ഞ അച്ചടക്കത്തിലൂടെ ആത്മസംയമനത്തോടെയാണ് ഓരോ ആം ആദ്മി നേതാവും പ്രചാരണത്തിന് ഇറങ്ങിയത്. അതിന്റെ പിന്നിലെ ബുദ്ധിയും പ്രശാന്ത് കിഷോറിന്റെതാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെയും പാര്‍ട്ടി തീരുമാനങ്ങള്‍ക്കതിരെയും പരസ്യ നിലപാടെടുത്തതിന് ജെഡിയു ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രശാന്ത് കിഷോറിനെ പുറത്താക്കിയതും എഎപിക്ക് ഗുണമായി ഭവിച്ചു. ഇനി പ്രശാന്തിന് മുന്നിലുള്ളത് മമതയുടെ തിരഞ്ഞെടുപ്പാണ്. കെജ്‌രിവാളിന് പുറമേ മമത ബാനര്‍ജിയുടെയും എം.കെ.സ്റ്റാലിന്റെയും തിരഞ്ഞെടുപ്പ് ഉപദേശകനാണ് പ്രശാന്ത്.

Top