എങ്ങനെയാണ് പാര്‍ട്ടിക്ക് അശുതോഷിന്റെ രാജി സ്വീകരിക്കാന്‍ ആകുകയെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത് അംഗീകരിക്കാതെ അരവിന്ദ് കെജ്‌രിവാള്‍. ‘എങ്ങനെയാണ് പാര്‍ട്ടിക്ക് അശുതോഷിന്റെ രാജി സ്വീകരിക്കാന്‍ ആകുക എന്നും ഒരിക്കലും അതിന് സാധിക്കില്ലെന്നും’ അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. രാജിവെയ്ക്കുകയാണ് എന്ന അശുതോഷിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ടാണ് കെജ്‌രിവാള്‍ രാജിയോട് പ്രതികരിച്ചത്.

വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് പാര്‍ട്ടിയില്‍ നിന്ന് മാറി നില്‍ക്കുകയാണന്ന് അശുതോഷ് പറഞ്ഞിരുന്നു. അതേസമയം, രാജ്യസഭാ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

‘എല്ലാ യാത്രകള്‍ക്കും ഒരു അവസാനമുണ്ട്, ആം ആദ്മിയുമായുള്ള എന്റെ ചങ്ങാത്തം വളരെ മനോഹരമായിരുന്നു. ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുന്നു. തീര്‍ത്തും വ്യക്തിപരമായ കാരണങ്ങളാണ് ഇതിന് പിന്നില്‍’ എന്നാണ് അശുതോഷ് ട്വീറ്റില്‍ കുറിച്ചത്. ദീര്‍ഘകാലം മാധ്യമപ്രവര്‍ത്തനത്തിനു ശേഷമാണ് അശുതോഷ് എഎപിയിലേക്ക് എത്തിയത്.

Top