അരവിന്ദ് കേജ്രിവാള്‍ സിങ്കു അതിര്‍ത്തിയില്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കര്‍ഷകരെ സന്ദര്‍ശിക്കും. പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഒത്തുകൂടിയിട്ടുള്ള ഡല്‍ഹിക്കും ഹരിയാനയ്ക്കും ഇടയിലുള്ള സിങ്കു അതിര്‍ത്തിയിലാണ് കെജ്രിവാള്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തുക.

നേരത്തെയും കെജ്രിവാള്‍ കര്‍ഷകരെ കാണാന്‍ നേരിട്ടെത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ നേരിട്ടെത്തി കണ്ട ആദ്യത്തെ മുഖ്യമന്ത്രിയാണ് കെജ്രിവാള്‍. കര്‍ഷകര്‍ക്കായി ഭക്ഷണവും സാനിറ്ററി ക്രമീകരണവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.

താനും തന്റെ സര്‍ക്കാറും കര്‍ഷകര്‍ക്കൊപ്പമാണെന്ന് ആദ്യ സന്ദര്‍ശനത്തില്‍ കെജ്രിവാള്‍ കര്‍ഷകര്‍ക്ക് ഉറപ്പുകൊടുത്തിരുന്നു. ‘ഞാന്‍ ഇവിടെ മുഖ്യമന്ത്രിയായിട്ടല്ല വന്നത് മറിച്ച് ഒരു സേവകന്‍ എന്ന നിലയിലാണ്. കര്‍ഷകര്‍ ഇന്ന് പ്രതിസന്ധിയിലാണ്, നമ്മള്‍ അവരോടൊപ്പം നില്‍ക്കണം,” എന്നായിരുന്നു കെജ്‌രിവാള്‍ അന്ന് പ്രതികരിച്ചത്.

കെജ്‌രിവാളിന് പുറമെ നിരവധി പ്രതിപക്ഷ നേതാക്കള്‍ കര്‍ഷക പ്രതിഷേധത്തിന് പിന്തുണ നല്‍കിയിരുന്നു. അതേസമയം, കേന്ദ്രസര്‍ക്കാരുമായി ഡിസംബര്‍ 29 ന് ചര്‍ച്ചയാകാമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ശനിയാഴ്ച അറിയിച്ചിരുന്നു. മൂന്ന്
നിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടിലാണ് കര്‍ഷകര്‍.

Top