രാജ്യത്ത് തെരഞ്ഞെടുപ്പ് ഇനി ഇല്ലാതാകും, കെജ്‌രിവാളിന്റെ മുന്നറിയിപ്പ് വൈറലായി

റ്റയാന്‍ എന്ന പേരിന് ഏറ്റവും അനുയോജ്യനാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

കോണ്‍ഗ്രസ്സിനോടും ബി.ജെ.പിയോടും കേന്ദ്ര സര്‍ക്കാറിനോടും ഒരുപോലെ ഏറ്റുമുട്ടി വിജയക്കൊടി പാറിപ്പിച്ച ജനനേതാവാണ് ഈ മുന്‍ ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്‍.

ഉന്നത പദവി വലിച്ചെറിഞ്ഞ് ആദ്യം പൊതുരംഗത്തേക്കും പിന്നീട് ആം ആദ്മി എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചപ്പോഴും രാജ്യം അറിയുന്ന ഒരു നേതാവായി മാറുമെന്ന് ഒരു പക്ഷേ കെജരിവാളിനു പോലും അന്ന് തോന്നിയിട്ടുണ്ടാകില്ല.

ഡല്‍ഹി ഭരണം വന്‍ ഭൂരിപക്ഷത്തില്‍ പിടിക്കാനും കേന്ദ്ര സര്‍ക്കാറുമായി ഏറ്റുമുട്ടി പിടിച്ചു നില്‍ക്കാനും കെജ്‌രിവാള്‍ എന്ന ഡല്‍ഹി മുഖ്യമന്ത്രിക്ക് കഴിയുന്നത് അദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വാക്കും പ്രവര്‍ത്തിയും ഒന്നായി കാണുന്നത് കൊണ്ടു മാത്രമാണ്.

നല്‍കുന്ന വാഗ്ദാനങ്ങളെല്ലാം നടപ്പാക്കാനുള്ളതല്ലെന്ന് വിശ്വസിക്കുന്ന അവസരവാദ രാഷ്ട്രീയ മുഖമല്ല കെജരിവാളിന്റേത്. അധികാരത്തില്‍ വരുന്നതിന് മുന്‍പും വന്നതിനു ശേഷവും പറഞ്ഞതെല്ലാം നടപ്പാക്കി കൊണ്ടിരിക്കുകയാണ് ഡല്‍ഹിയിലെ കെജ്‌രിവാളിന്റെ ആം ആദ്മി സര്‍ക്കാര്‍.

കേവലം വോട്ട് തട്ടാന്‍ വേണ്ടി എന്തും വിളിച്ചു പറയുന്ന നേതാവല്ല അരവിന്ദ് കെജരിവാള്‍. ദീര്‍ഘവീക്ഷണമുള്ള ദേശീയ രാഷ്ട്രീയത്തിലെ ഈ ഒറ്റയാന്റെ വാക്കുകളെ അതു കൊണ്ട് തന്നെ തള്ളിക്കളയാനും കഴിയില്ല.

Arvind Kejriwal

കേന്ദ്രത്തില്‍ ബി.ജെ.പി അധികാരം നിലനിര്‍ത്തിയാല്‍ ഇനി തിരഞ്ഞെടുപ്പ് തന്നെ ഇല്ലാതാകുമെന്ന കൊല്‍ക്കത്തയിലെ കെജ്‌രിവാളിന്റെ പ്രസംഗത്തെ ഗൗരവത്തോടെ തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

അതില്‍ പ്രധാനം ആര്‍.എസ്.എസിനാല്‍ നിയന്ത്രിക്കപ്പെടുന്ന യഥാര്‍ത്ഥ ബി.ജെ.പി സര്‍ക്കാറാകും വീണ്ടും മോദി വന്നാല്‍ ഉണ്ടാവുക എന്നതാണ്.

സംഘപരിവാറിന്റെ വിശ്വരൂപം പ്രഥമ മോദി സര്‍ക്കാറില്‍ വലിയ രൂപത്തില്‍ പ്രകടമായിരുന്നില്ല. എന്നാല്‍ ഇനി ഒരവസരം കിട്ടിയാല്‍ അതാകില്ല സ്ഥിതി.

ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ കുതിരക്കച്ചവടം നടത്തി ആയാലും ഭൂരിപക്ഷമുണ്ടാക്കി ബിജെപി, സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് കെജ്‌രിവാള്‍ അടക്കമുള്ളവര്‍ ഭയപ്പെടുന്നുണ്ട്. ഇത്തരമൊരു സാഹചര്യം ഉണ്ടായാല്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഇല്ലാതാക്കാനും പക വീട്ടാനും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഇടപെടലുണ്ടാകുമെന്നാണ് ആശങ്ക.

സി.ബി.ഐ മേധാവിയെ തന്നെ തെറുപ്പിച്ച് തങ്ങളുടെ താല്‍പ്പര്യം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കാണിച്ച നിലപാട് വ്യക്തമായ സന്ദേശമായി കണ്ടാണ് കെജ്‌രിവാള്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്. ലഫ്റ്റനന്റ് ഗവര്‍ണറെ മുന്‍ നിര്‍ത്തി ഡല്‍ഹി സര്‍ക്കാറിനെ കടന്നാക്രമിക്കുന്ന മോദി സര്‍ക്കാര്‍ ഇനി ഒരവസരം കൂടി ലഭിച്ചാല്‍ ഭരണഘടന പോലും മാറ്റി എഴുതുമെന്നാണ് കെജ്‌രിവാള്‍ നല്‍കുന്ന മുന്നറിയിപ്പ്. പിന്നീട് തിരഞ്ഞെടുപ്പ് പോലും രാജ്യത്ത് ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ ഹിറ്റ്ലര്‍ ജര്‍മ്മനിയില്‍ കൊണ്ടുവന്നത് പോലെ ഒരു ഫാസിസ്റ്റ് ഭരണക്രമം ഇന്ത്യയില്‍ കൊണ്ടുവരും എന്നും കെജ്രിവാള്‍ തുറന്നടിച്ചു. ബി.ജെ.പി ജനങ്ങള്‍ക്കിടയില്‍ മതം പറഞ്ഞ് ശത്രുതയുണ്ടാക്കുകയാണ്. ഇന്ത്യയെ വിഭജിക്കുക എന്നത് പാക്കിസ്ഥാന്റെ സ്വപ്നമായിരുന്നു. രാജ്യത്തെ വിഘടിപ്പിച്ച് മതത്തിന്റെയും ഭാഷയുടേയും പേരില്‍ ജനങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും കെജ്രിവാള്‍ ആരോപിക്കുന്നു.

ഭരണകാലയളവില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനോ കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കാനോ ബി.ജെ.പിക്ക് സാധിച്ചില്ല. നോട്ട് നിരോധനം എല്ലാ സാധ്യതകളും നശിപ്പിച്ചു. മോഡിയുടെ സുഹൃത്തുക്കളായ ഇന്‍ഷുറന്‍സ് കമ്പനിക്കാര്‍ കര്‍ഷകരെ വഞ്ചിച്ച് പണമുണ്ടാക്കിയെന്നും കെജ്രിവാള്‍ ശക്തമായ ഭാഷയില്‍ കുറ്റപ്പെടുത്തി.

മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യം ഏകാധിപത്യത്തിലേക്ക് പോകുമെന്ന് മുന്നറിയിപ്പു നല്‍കി പ്രചരണം നടത്താന്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടി നേതാക്കളോടും കെജ്‌രിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

political reporter

Top