പത്തനംതിട്ടയിൽ ബി.ജെ.പി ഞെട്ടി, മോദി എത്തും മുൻപ് അപ്രതീക്ഷിതം

ബരിമല വിഷയം വീണ്ടും സജീവമാക്കി ഹൈന്ദവ വോട്ടുകള്‍ ഉറപ്പിക്കാനുള്ള ബി.ജെ.പി നീക്കത്തിന് തടയിടാന്‍ സി.പി.എമ്മിന്റെ തന്ത്രപരമായ നീക്കം. കാവിപ്പടയില്‍ തന്നെ വിള്ളലുണ്ടാക്കുന്ന നീക്കങ്ങളാണ് സി.പി.എം ഇപ്പോള്‍ നടത്തി വരുന്നത്. നാമജപ ഘോഷയാത്രയുടെ മുഖ്യസംഘാടകന്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ സി.പി.എമ്മില്‍ ചേര്‍ന്നതും ഈ നീക്കത്തിന്റെ ഭാഗമാണ്. ഫെബ്രുവരി 11ന് പന്തളത്തു നടന്ന സമ്മേളനത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവനാണ് സംഘ പരിവാര്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ സ്വീകരിച്ചിരിക്കുന്നത്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത അയ്യപ്പ ധര്‍മ സംരക്ഷണ സമിതി ചെയര്‍മാന്‍ എസ്. കൃഷ്ണകുമാര്‍, ബി.എം.എസ് മേഖല ജോയന്റ് സെക്രട്ടറി എം.സി. സദാശിവന്‍, ബി.ജെ.പി മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് എം.ആര്‍. മനോജ് കുമാര്‍, ബാലഗോകുലം മുന്‍ താലൂക്ക് സെക്രട്ടറി അജയകുമാര്‍, ബി.ജെ.പി മുനിസിപ്പല്‍ മുന്‍ വൈസ് പ്രസിഡന്റ് സുരേഷ്, മഹിള മോര്‍ച്ച ആറന്മുള നിയോജക മണ്ഡലം സെക്രട്ടറി ശ്രീലത തുടങ്ങി മുപ്പതിലധികം പ്രവര്‍ത്തകരും നേതാക്കളുമാണ് സി.പി.എമ്മില്‍ ചേര്‍ന്നിരിക്കുന്നത്. ഈ സംഭവം ബി.ജെ.പി – ആര്‍.എസ്.എസ് സംസ്ഥാന നേതാക്കളെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. 14-ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍ എത്താനിരിക്കെയാണ് ബി ജെ.പിയുടെ ശക്തി കേന്ദ്രത്തില്‍ പിളര്‍പ്പുണ്ടായിരിക്കുന്നത്.

കൊച്ചിയില്‍ ചേരുന്ന ബി.ജെ.പി കോര്‍ കമ്മിറ്റി യോഗം ഇക്കാര്യവും വിശദമായി ചര്‍ച്ച ചെയ്യും. നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് അവകാശപ്പെടുന്ന പ്രധാന ജില്ലയാണ് പത്തനംതിട്ട. മാത്രമല്ല, ശബരിമല സ്ഥിതി ചെയ്യുന്ന ജില്ലയുമാണ്. ഇവിടെ നിന്നു തന്നെ നേതാക്കള്‍ കൂട്ടത്തോടെ കൂറുമാറിയത് പരിവാര്‍ സംഘടനകള്‍ക്ക് വലിയ നാണക്കേടായിട്ടുണ്ട്. ഇനി എങ്ങനെ ശബരിമല വിഷയം ഉയര്‍ത്തി ഇടതുപക്ഷത്തെ കടന്നാക്രമിക്കുമെന്നതാണ് ബി.ജെ.പിയെ അലട്ടുന്ന പ്രധാന പ്രശ്നം. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ‘വിജയ് യാത്ര’യിലും ശബരിമല വിഷയം തന്നെയാണ് ഉന്നയിക്കാന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. 21 ന് കാസര്‍കോഡ് നിന്നാണ് യാത്ര ആരംഭിക്കുന്നത്. യോഗി ആദിത്യനാഥ് മുതല്‍ അമിത് ഷാവരെയുള്ള കേന്ദ്ര നേതാക്കള്‍ വിവിധ ജില്ലകളിലെ സ്വീകരണ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രിയെ എത്തിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

ഇതിനിടെ ഇങ്ങനെ നേതാക്കള്‍ തന്നെ കൂട് മാറി തുടങ്ങിയാല്‍ അത് പാര്‍ട്ടിയുടെ ഉള്ള സാധ്യതയെ തന്നെ ബാധിക്കുമെന്ന ആശങ്കയാണ് കേന്ദ്ര നേതൃത്വത്തിനുമുള്ളത്. ശബരിമല പ്രക്ഷോഭത്തിന്റെ വിളനിലമായ പന്തളത്തു നിന്നു തന്നെ നേതാക്കള്‍ പാര്‍ട്ടി വിട്ടത് ആര്‍.എസ്.എസ് നേതൃത്വത്തെയും അമ്പരപ്പിച്ചിട്ടുണ്ട്. ഇത്തരം കൊഴിഞ്ഞു പോക്കുകള്‍ കോണ്‍ഗ്രസ്സിലും നിലവില്‍ പ്രകടമാണ്. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ യാത്ര പത്തനംതിട്ടയിലെത്തുന്നതിനു മുന്‍പ് തന്നെ മുന്‍ ഡി.സി.സി അംഗം ഉള്‍പ്പെടെയാണ് പാര്‍ട്ടിയോട് ഗുഡ് ബൈ പറഞ്ഞിരിക്കുന്നത്. മുന്‍ ഡി.സി.സി അംഗമായ വി.ടി. ബാബു, കര്‍ഷക കോണ്‍ഗ്രസ് അടൂര്‍ മണ്ഡലം പ്രസിഡന്റ് പന്തളം വിജയന്‍, മണ്ഡലം വൈസ് പ്രസിഡന്റ് ഇടിക്കുള വര്‍ഗീസ് തുടങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സി.പി.എമ്മില്‍ ചേക്കേറിയിരിക്കുന്നത്. ഇടതുപക്ഷ ജാഥ തുടങ്ങുന്നതോടെ കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും ഇടതുപക്ഷത്തെത്തുമെന്നാണ് സി.പി.എം നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

പത്തനംതിട്ട ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ നാലിലും കഴിഞ്ഞ തവണ ഇടതുപക്ഷം മിന്നുന്ന വിജയമാണ് നേടിയിരുന്നത്. കോന്നി മണ്ഡലത്തില്‍ മാത്രമാണ് യുഡിഎഫിനു വിജയിക്കാന്‍ കഴിഞ്ഞിരുന്നത്. ഇത്തവണയാകട്ടെ അഞ്ചു മണ്ഡലങ്ങളിലും സമ്പൂര്‍ണ്ണ വിജയമാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. സ്ഥിരമായി ആരോടും മമത കാണിക്കാത്ത രാഷ്ട്രീയമാണ് പത്തനംതിട്ടയുടേത്. എന്നാല്‍, കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിലും ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ജനവിധിയാണ് ഉണ്ടായിരിക്കുന്നത്. വലതുപക്ഷ രാഷ്ട്രീയത്തിനു വളക്കൂറുണ്ടായിരുന്ന ജില്ല ഇപ്പോള്‍ ഇടതിന് വളക്കൂറുള്ള മണ്ണായി മാറിയിട്ടുണ്ട്. 2011 ലെ തിരഞ്ഞെടുപ്പില്‍, അഞ്ചില്‍ മൂന്ന് മണ്ഡലങ്ങളാണ് ഇടതുമുന്നണിക്ക് ലഭിച്ചിരുന്നത്. കോന്നി, തിരുവല്ല, റാന്നി മണ്ഡലങ്ങളാണിത്. 2016 ല്‍ ഇവ മൂന്നും നിലനിര്‍ത്തിയതോടൊപ്പം കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ ആറന്‍മുള പിടിച്ചെടുക്കാനും ഇടതുപക്ഷത്തിനു കഴിഞ്ഞു. മാധ്യമപ്രവര്‍ത്തകയായ വീണാ ജോര്‍ജിനെ ഇറക്കിയാണ് ഈ മണ്ഡലം ഇടതുപക്ഷം പിടിച്ചെടുത്തിരുന്നത്.

ആറന്മുളയിലെ സിറ്റിങ് എം എല്‍ എ കെ.ശിവദാസന്‍ നായരെ 7,646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വീണ അട്ടിമറിച്ചിരുന്നത്. ആറന്മുള വിമാനത്താവള വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചിട്ടും അവ നേട്ടമാക്കുന്നതില്‍ ബി.ജെ.പിയും പരാജയപ്പെടുകയുണ്ടായി. ആറന്മുളക്കു പുറമെ റാന്നി, തിരുവല്ല, കോന്നി, അടൂര്‍ മണ്ഡലങ്ങളിലും സ്വാധീനം അവകാശപ്പെടുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. ഇത്തവണ ഇതിനായി പ്രത്യേക കര്‍മ്മ പദ്ധതിയും അവര്‍ ആവിഷ്‌ക്കരിച്ചിട്ടുമുണ്ട്. എന്നാല്‍ ഇതിനെ തകിടം മറിക്കുന്ന നീക്കമാണ് സി.പി.എം ഇപ്പോള്‍ നടത്തിയിരിക്കുന്നത്. നാമജപ ഘോഷയാത്രയുടെ മുഖ്യ സംഘാടകന്‍ തന്നെ പാര്‍ട്ടി വിട്ടതാണ് ബി.ജെ.പിക്ക് വലിയ പ്രഹരമായിരിക്കുന്നത്.

 

Top