ഇന്ന് അറഫാ സംഗമം: പ്രാര്‍ത്ഥനകളോടെ ഹാജിമാര്‍ . . .

സൗദി : ഹജ്ജിന്റെ ഏറ്റവും പ്രധാന കര്‍മമായ അറഫ സംഗമം ഇന്ന്. ഇന്നലെ മിനായിലെ കൂടാരങ്ങളില്‍ രാപാര്‍ത്ത 20 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ ഇന്നു പുലര്‍ച്ചയോടെ അറഫ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. ലോകത്തിന്റെ വിവിധകോണില്‍ നിന്നെത്തിയ ഹാജിമാര്‍ ഇന്ന് അറഫയില്‍ സംഗമിക്കും. ദുല്‍ഹജ്ജ് 9 ശനിയാഴ്ച സൗദി സമയം ഉച്ചയ്ക്ക് 12.26-നാണ് അറഫാസംഗമം.

ലോകത്തിലെ തന്നെ ഏറ്റവും വലിയ മാനവസംഗമമായാണ് അറഫാ സംഗമം കണക്കാക്കപ്പെടുന്നത്. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാസംഗമത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ 18 ലക്ഷം തീര്‍ത്ഥാടകരും സൗദിയില്‍ നിന്നുള്ള നാലുലക്ഷം തീര്‍ത്ഥാടകരും ഉള്‍പ്പെടെ 22 ലക്ഷത്തിലധികം പേര്‍ സംഗമിക്കും.

അറഫയില്‍നിന്ന് അസ്തമയശേഷം ഒമ്പത് കിലോമീറ്റര്‍ പിന്നിട്ട് മുസ്ദലിഫയിലെത്തുന്ന ഹാജിമാര്‍ രാത്രി തുറസ്സായ മൈതാനത്ത് തങ്ങും. പിറ്റേന്ന് മിനായിലെ ജംറകളില്‍ എറിയാനുള്ള കല്ല് പെറുക്കി പ്രഭാത നമസ്‌കാരാനന്തരം ഹാജിമാര്‍ ആറു കിലോമീറ്റര്‍ അകലെയുള്ള മിനായില്‍ വീണ്ടും തിരിച്ചെത്തും. മൂന്നു ദിനം കൂടി അവിടെ ചെലവഴിച്ച് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കും.

മക്കയില്‍നിന്ന് ആറു കിലോമീറ്റര്‍ അകലെയുള്ള മിനാ താഴ് വരയില്‍ അരലക്ഷത്തോളം തമ്പുകള്‍ ഒരുക്കിയിട്ടുണ്ട്. നാലുലക്ഷത്തോളം ആഭ്യന്തര ഹാജിമാരടക്കം 24 ലക്ഷം തീര്‍ഥാടകരാണ് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുന്നത്. ഇതില്‍ രണ്ട് ലക്ഷം ഇന്ത്യക്കാരുള്‍പ്പെടെ 18,38,339 പേര്‍ വിദേശതീര്‍ഥാടകരാണ്. കേരളത്തില്‍നിന്ന് കാല്‍ലക്ഷം പേര്‍ ഹജ്ജിനെത്തി. ഇതില്‍ 13,472 പേര്‍ ഹജ്ജ് കമ്മിറ്റി വഴിയും 12,000ത്തോളം പേര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമാണ് എത്തിയത്.

Top