കൂട്ടുകാരിയെ പിരിയാന്‍ മടിച്ച് ആരാധ്യ; മകളെ ആശ്വസിപ്പിച്ച് ഐശ്വര്യ

താരങ്ങളേക്കാള്‍ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയവരാണ് താരങ്ങളുടെ മക്കള്‍. ജനനം മുതല്‍ തന്നെ മാധ്യമങ്ങള്‍ ഐശ്വര്യയുടേയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യ വാര്‍ത്താ താരമായിരുന്നു.

അമ്മയുടെ ഒപ്പമല്ലാതെ ആരാധ്യയെ കാണാന്‍ കഴിയാറില്ലായിരുന്നു. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ വരാറുണ്ടായിരുന്നു. അടുത്തിടെയാണ് ആരാധ്യയുടെ ആറാം പിറന്നാള്‍ ആഘോഷിച്ചത്. ഐശ്വര്യയെപ്പോലെ ആരാധ്യയും ബോളിവുഡ് കീഴടക്കുമെന്ന് ആരാധകര്‍ ഇപ്പോഴേ തന്നെ വിധി എഴുതി കഴിഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി മുംബൈ നഗരത്തിലെ റസ്റ്റോറന്റില്‍ അച്ഛനും അമ്മയ്ക്കും ഒപ്പം എത്തിയ ആരാധ്യയെ കാത്ത് പുറത്ത് ഫോട്ടോഗ്രാഫര്‍മാര്‍ നില്‍പ്പുണ്ടായിരുന്നു. ബാന്ദ്രയിലെ നാര തായ് റസ്റ്റോറന്റില്‍ എത്തിയതായിരുന്നു താര കുടുംബം. പിങ്ക് നിറത്തിലുളള ഫ്രോക്കില്‍ സുന്ദരിയായിരുന്നു ആരാധ്യ. അതേ സമയം ആരാധ്യയുടെ കൂട്ടുകാരിയുടെ കുടുംബവും അവിടെ എത്തിയിരുന്നു.

തിരികെ പോരാന്‍ നേരം കൂട്ടുകാരിയോട് യാത്ര പറയാന്‍ പോയ ആരാധ്യ അവിടെ തന്നെ നിന്നു. കൂട്ടുകാരിയെ മുറുകെ കെട്ടിപിടിച്ച് ആരാധ്യ വിട്ടു പിരിയാതെ നിന്നു. ഒടുവില്‍ ഐശ്വര്യയും കൂട്ടുകാരിയുടെ അമ്മയും ചേര്‍ന്ന് ആരാധ്യയെ സമാധാനിപ്പിക്കുകയായിരുന്നു. കാറില്‍ കയറുന്നതിനു മുന്‍പ് ഐശ്വര്യ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നേരെ കൈ വീശി കാണിച്ചു.

അമ്മ സമാധാനിപ്പിച്ചപ്പോള്‍ ആരാധ്യ ഇത്തിരി തണുത്തു. ആ കുഞ്ഞ് മുഖത്ത് പതിയെ സന്തോഷം വിരിഞ്ഞു. പുതിയ ചിത്രമായ ഫന്നി ഖാന്റെ ഷൂട്ടിങ് തിരക്കുകളിലാണ് ഐശ്വര്യ. രാജ് കുമാര്‍ ആണ് ചിത്രത്തിലെ നായകന്‍. അനില്‍ കപൂറും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Top