അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു! കേരളാ തീരത്ത് ജാഗ്രതാ നിര്‍ദേശം, അടുത്ത 48 മണിക്കൂര്‍ നിര്‍ണായകം

തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഇക്വറ്റോറിയല്‍ പ്രദേശങ്ങളിലാണ് ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. അതേസമയം വിനോദ സഞ്ചാരികള്‍ കടല്‍ത്തീരങ്ങളിലേയ്ക്കുള്ള വിനോദയാത്ര പരമാവധി ഒഴിവാക്കണമെന്നും ഒരു കാരണവശാലും കടലില്‍ ഇറങ്ങാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

അടുത്ത 48 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുമെന്നാണ് കരുതുന്നത്. കൂടാതെ, അടുത്ത 24 മണിക്കൂറില്‍ ലക്ഷദ്വീപിനും തെക്ക് കിഴക്ക് അറബിക്കടലിനും മുകളിലായി മറ്റൊരു ന്യൂനമര്‍ദംകൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്.

കേരളതീരത്തും തെക്ക് അറബിക്കടല്‍, മാലിദ്വീപ്, ലക്ഷദ്വീപ് മേഖലകളിലും ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയും ഉണ്ടാവും. കൂടാതെ, അടുത്ത നാല് ദിവസങ്ങളിലും കാറ്റും മോശം കാലാവസ്ഥയും തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Top