വിദേശനിക്ഷേപ ചര്‍ച്ചാവേദി ‘ഷാര്‍ജ എഫ്.ഡി.ഐ ഫോറം’; നാലാം പതിപ്പ് വരുന്നു

UAE

ദോഹ: അറബ് മേഖലയിലെ ഏറ്റവും വലിയ വിദേശനിക്ഷേപ ചര്‍ച്ചാവേദികളിലൊന്നായ ഷാര്‍ജ എഫ്.ഡി.ഐ ഫോറത്തിന്റെ നാലാം പതിപ്പ് വരാന്‍ ഒരുങ്ങുന്നു. ലോകത്തെ മുന്‍നിര സാമ്പത്തിക വിദഗ്ധരും വ്യവസായികളും നിക്ഷേപകരും വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും ഫോറത്തില്‍ സംവദിക്കുന്നതാണ്. ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയും (ശുറൂഖ്) ഷാര്‍ജ എഫ്.ഡി.ഐ ഓഫിസും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുക.

ലോക സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചയും പുതിയ നിക്ഷേപ മേഖലകളും സാധ്യതകളുമെല്ലാം ചര്‍ച്ച ചെയ്യുന്ന ഷാര്‍ജ എഫ്.ഡി.ഐ ഫോറം, വിദേശനിക്ഷേപ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചാവേദികളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. അറബ് ആഫ്രിക്കന്‍ മേഖലകളിലെ സാമ്പത്തിക വിദഗ്ധരുടെയും സര്‍ക്കാര്‍ പ്രതിനിധികളുടെയും പങ്കാളിത്തം ഫോറത്തിന്റെ സവിശേഷത തന്നെയാണ്. നിക്ഷേപകര്‍ നേരിടുന്ന പ്രശ്‌നങ്ങളും അതിനെ നേരിടാനുള്ള മാര്‍ഗങ്ങളും വേദിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യും. ലോകപ്രശസ്ത കമ്പനികളുടെ നേതൃനിരയിലുള്ളവരുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ അസരമൊരുക്കുന്ന ഫോറം, പുതിയ നിക്ഷേപമേഖലകള്‍ കണ്ടെത്താനും നിക്ഷേപകര്‍ക്ക് സ്വയം അടയാളപ്പെടുത്താനുമുള്ള സുവര്‍ണാവസരം കൂടിയാണ് തീര്‍ക്കുന്നത്.

UAE22

ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട ലോക നിക്ഷേപ റിപ്പോര്‍ട്ട് പ്രകാരം രണ്ടായിരത്തിപ്പതിനേഴില്‍ യുഎഇയുടെ വിദേശനിക്ഷേപം 2.2 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. 2017-2019 കാലയളവില്‍ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനം നേടാനും യുഎഇക്ക് സാധിച്ചിരുന്നു. യുഎഇ മിനിസ്ട്രി ഓഫ് എക്കണോമിയുടെ കണക്കുകള്‍ പ്രകാരം യുഎഇയിലെ വിദേശനിക്ഷേപം 2016 അവസാനത്തോടെ നൂറ്റിപതിനെട്ടു ബില്യണ്‍ ഡോളറായി കുതിച്ചുയര്‍ന്നിരുന്നു. ഇന്ത്യന്‍ വ്യവസായികളുടെയും നിക്ഷേപകരുടെയും പങ്കാളിത്തം കൊണ്ടായിരുന്നു ഈ വളര്‍ച്ച. യുഎഇയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളതും ഇന്ത്യന്‍ സ്വദേശികള്‍ക്കാണ്.

നിക്ഷേപരംഗത്തെക്കുറിച്ചും ലോകസമ്പദ്ഘടനയെക്കുറിച്ചും വ്യവസായികള്‍ക്കും നിക്ഷേപകര്‍ക്കുമുള്ള സംശയങ്ങളും അവ്യക്തതയും ഇല്ലാതാക്കാനുള്ള ഏറ്റവും മികച്ച വേദികളിലൊന്നാണ് ഷാര്‍ജ എഫ്.ഡി.ഐ ഫോറമെന്നും ലോകത്തിലെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരും മുന്‍നിര വ്യവസായികളും സാമ്പത്തികരംഗത്ത് നിര്‍ണായക സംഭാവനകള്‍ നല്‍കിയ പ്രമുഖ വ്യക്തിത്വങ്ങളുമെല്ലാം ഇവിടെ ഒരുമിക്കുകയാണെന്നും ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ശുറൂഖ്) എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മര്‍വാന്‍ അല്‍ സര്‍ക്കാല്‍ പറഞ്ഞു. ഏതൊരു നിക്ഷേപകനും വ്യവസായിക്കും ഏറ്റവും മികച്ച ഭൗതികസാങ്കേതിക സാഹചര്യങ്ങളും നൂതന അറിവുകളും ലഭ്യമാകണമെന്ന ഷാര്‍ജയുടെ കാഴ്ചപ്പാടിന്റെ ഭാഗമാണ് ഇത്തരം വേദികളെന്നും അദ്ദേഹം വ്യക്തമാക്കി.

ഷാര്‍ജയിലെ വിദേശ നിക്ഷേപം വര്‍ധിപ്പിക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യവസായികള്‍ക്ക് ഇവിടുത്തെ നിക്ഷേപ സാധ്യതകളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനുമുള്ള വേദിയാകും ഫോറമെന്നു ഷാര്‍ജ എഫ്.ഡി.ഐ ഓഫീസ് (ഇന്‍വെസ്റ്റ് ഇന്‍ ഷാര്‍ജ) സിഇഒ ജുമാ അല്‍ മുഷറഖ് അഭിപ്രായപ്പെടുകയും ചെയ്തു. ഡിസംബര്‍ 10, 11 തിയതികളിലായി ഷാര്‍ജ അല്‍ ജവാഹര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് എഫ്.ഡി.ഐ ഫോറം സംഘടിപ്പിക്കപ്പെടുക.

Top