അടിയന്തര എയര്‍ കോറിഡോറുകള്‍ ഉപയോഗിക്കാൻ ഖത്തറിന് അനുമതി

ദുബായ് : ഖത്തര്‍ വിമാനങ്ങള്‍ക്ക് അടിയന്തര സാഹചര്യത്തില്‍ എയര്‍ കോറിഡോറുകള്‍ ഉപയോഗിക്കുന്നതിന് അറബ് രാഷ്ട്രങ്ങള്‍ അനുമതി നല്‍കി.

സൗദി വാര്‍ത്താ ഏജന്‍സിയായ എസ് പി എ ആണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

സൗദി അറേബ്യ, യു എ ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് ഖത്തര്‍ എയര്‍വേയ്‌സിന് അടിയന്തര കോറിഡോറുകള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്.

ഭീകരവാദത്തെ പിന്തുണക്കുന്നു എന്ന ആരോപണമുയര്‍ത്തി ജൂണ്‍ 5 ന് നാലു രാജ്യങ്ങളും ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു.

തുടര്‍ന്ന് കടല്‍, കര, ആകാശ മാര്‍ഗമുള്ള അതിര്‍ത്തികള്‍ അടച്ചുപൂട്ടുകയും, സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു.

മെഡിറ്ററേനിയന്‍ കടലിനു മുകളില്‍ അന്താരാഷ്ട്ര എയര്‍ സ്‌പേസ് ഉള്‍പ്പെടെ ഒമ്പത് എയര്‍ കോറിഡോറുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ആഗസ്ത് ഒന്നുമുതല്‍ ഖത്തര്‍ എയര്‍വേയ്‌സിന് ഇത് ഉപയോഗിച്ച് തുടങ്ങാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എയര്‍ സ്‌പേസ് പുനഃക്രമീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഖത്തര്‍ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനോട് (ഐസിഎഒ) അഭ്യര്‍ത്ഥിച്ചിരുന്നു.

Top