എംബസി ജറുസലേമിലേക്ക് മാറ്റാനുള്ള അമേരിക്കന്‍ നടപടി പിന്‍വലിക്കണമെന്ന് അറബ് ലീഗ്

കെയ്റോ : ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

ജറുസലേമിലേക്ക് എംബസി മാറ്റാനുള്ള അമേരിക്കന്‍ നടപടി നിയമവിരുദ്ധവും അപകടകരവുമെന്ന് അറബ് ലീഗിന്റെ അടിയന്തിര യോഗം വിലയിരുത്തി.

ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനം പിന്‍വലിക്കണമെന്നും അറബ് ലീഗ് പറഞ്ഞു.

ചർച്ചയിൽ പങ്കെടുത്ത 22 രാജ്യങ്ങളും അമേരിക്കയുടെ നിലപാടിനെതിരെ രൂക്ഷപ്രതികരണവുമായി രംഗത്തെത്തി.

വിഷയത്തിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് അറബ് ലീഗ് വിദേശ കാര്യ മന്ത്രിമാരുടെ അടിയന്തര യോഗം ചേര്‍ന്നത്. തീരുമാനം അപകടകരമാണെന്നും പിന്‍വലിക്കണമെന്നും യോഗം വ്യക്തമാക്കി.

നടപടിയില്‍ നിന്ന് പിന്മാറണമെന്നും കിഴക്കന്‍ ജറുസലേം പലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കണമെന്നും യോഗത്തില്‍ സൌദി വിദേശ കാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ അമേരിക്കയോട് ആവശ്യപ്പെട്ടു.

ഇതിനായി അന്താരാഷ്ട്ര സമ്മര്‍ദ്ദം ഉയര്‍ത്തിക്കൊണ്ട് വരണമെന്നും ജുബൈര്‍ യോഗത്തില്‍ പറഞ്ഞു.

അറബ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിന്നാല്‍ തീരുമാനം പുനപരിശോധിപ്പിക്കാനാകുമെന്ന് ജോര്‍ദാന്‍ നിലപാടെടുത്തു.

പലസ്തീനിലെ സായുധ ശക്തികളെ പ്രോത്സാഹിപ്പിക്കാനേ തീരുമാനം കൊണ്ടാകൂ എന്നായിരുന്നു യുഎഇയുടെ നിലപാട്.

പ്രശ്നത്തില്‍ ഭിന്നസ്വരമില്ലെന്നും പലസ്തീനെ അംഗീകരിച്ചേ മുന്നോട്ട് പോകാനാകൂവെന്നും അറബ് ലീഗ് വിലയിരുത്തി.

Top