ഗാസയിലെ ഇസ്രയേല്‍ ആക്രമണം;അറബ്-ഇസ്ലാമിക് നേതാക്കള്‍ സൗദിയില്‍

റിയാദ്: ഗാസയിലെ ഇസ്രയേല്‍ ആക്രമണം ചര്‍ച്ച ചെയ്യാനുള്ള അടിയന്തര ഉച്ചകോടിയില്‍ പങ്കെടുക്കാനായി അറബ്-രാഷ്ട്ര നേതാക്കള്‍ സൗദി അറേബ്യയില്‍. ഇസ്ലാമിക രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടിയില്‍ ഗാസ വിഷയം മാത്രമാണ് അജണ്ട. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ഇറാന്‍ പ്രസിഡന്റും യോഗത്തില്‍ പങ്കെടുക്കുന്നതിനായി സൗദിയിലെത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയിസി സൗദിയിലെത്തുന്നത്. 22 അറബ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുക.

ഗാസയില്‍ വെടിനിര്‍ത്തലാവശ്യമാണ് അറബ് രാജ്യങ്ങള്‍ പ്രധാനമായും മുന്നോട്ട് വെക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ആവര്‍ത്തിച്ചുള്ള ആവശ്യങ്ങള്‍ക്കൊടുവിലും അന്താരാഷ്ട്ര ഇടപെടല്‍ ശക്തമല്ലാത്തതില്‍ അറബ് രാജ്യങ്ങള്‍ക്ക് അതൃപ്തിയുണ്ട്.

Top