അറബ് കപ്പ്: അൽജീരിയ – ടുണീഷ്യ കലാശക്കളി

ദോഹ: ലോകകപ്പിനൊരുങ്ങുന്ന സ്വന്തം മുറ്റത്ത് കിരീടത്തോടെ അണിഞ്ഞൊരുങ്ങാമെന്ന ഖത്തറിന്റെ സ്വപ്നങ്ങള്‍ക്ക് സെമി ഫൈനലില്‍ അല്‍ജീരിയയുടെ പൂട്ട്. ഫിഫ അറബ് കപ്പിലെ ആതിഥേയരുടെ സ്വപ്നങ്ങള്‍ അല്‍ തുമാമ സ്‌റ്റേഡിയത്തിലെ പച്ചപ്പുല്‍ മൈതാനിയില്‍ തച്ചുടച്ച് (2-1) അല്‍ജീരിയ ഫിഫ അറബ് കപ്പ് ഫൈനലില്‍.

അടിമുടി നാടകീയമായിരുന്നു സെമിഫൈനല്‍. 59ാം മിനിറ്റിലെ ഗോളുമായി അല്‍ജീരിയയുടെ ലീഡ്. ഒമ്പതു മിനിറ്റ് പ്രഖ്യാപിച്ച ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റില്‍ ഖത്തറിന്റെ സമനില ഗോള്‍. എക്‌സ്ട്രാടൈമിലേക്ക് സമയം തള്ളിനീക്കുന്നതിനിടെ 18 മിനിറ്റ് നീണ്ട ഇഞ്ചുറി ടൈമിന്റെ സായാഹ്‌നത്തില്‍ പെനാല്‍റ്റിയിലൂടെ അല്‍ജീരിയന്‍ വിജയം. ഒടുവില്‍ ആരവങ്ങളുമായി ഗാലറി നിറഞ്ഞ ആതിഥേയ കാണികളെ കണ്ണീരണിയിച്ച് ഖത്തറിന്റെ പുറത്താകല്‍.

തോല്‍വിയറിയാതെ കുതിച്ച ഖത്തറിനു മേല്‍ പൂര്‍ണാധിപത്യംപുലര്‍ത്തികൊണ്ടായിരുന്നു കിക്കോഫ് വിസില്‍ മുതല്‍ അല്‍ജീരിയന്‍ പോരാട്ടം. ഗോള്‍രഹിതമായിരുന്നു ഒന്നാം പകുതിയെങ്കിലും അല്‍ജീരിയക്കാര്‍ മികച്ച ഒരുപിടി അവസരങ്ങള്‍ തീര്‍ത്ത് മേധാവിത്വം സ്ഥാപിച്ചു.

കളിയുടെ 59ാം മിനിറ്റില്‍ ജമില്‍ ബെന്‍ലാമ്രിയുടെ ഉശിരന്‍ ഗോളിലൂടെ മുന്നിലെത്തിയ അല്‍ജീരിയയുടെ ബൂട്ടിലായി കളി. ഗോള്‍വഴങ്ങിയ ശേഷം ലോങ് ക്രോസുകളിലൂടെ തിരിച്ചുവരവിന് ശ്രമിച്ച ഖത്തറിന് പക്ഷേ, കാര്യങ്ങളൊന്നും മനസ്സില്‍കണ്ടപോലെയായില്ല. ഒടുവില്‍ ഒമ്പത് മിനിറ്റ് പ്രഖ്യാപിച്ച ഇഞ്ചുറിടൈമിന്റെ എട്ടാം മിനിറ്റില്‍ മുഹമ്മദ് മുന്‍താരി സമനില സമ്മാനിച്ചു.

ബോക്‌സിനുള്ളിലെ മിന്നുന്ന ഹെഡ്ഡറിലുടെ വലകുലുങ്ങിയതോടെ ഗാലറി അണപൊട്ടി. കളി എക്‌സ്ട്രാടൈമിലേക്ക് ഉറപ്പിച്ച സമയങ്ങള്‍. പക്ഷേ, പരിക്കും, വാഗ്വാദങ്ങളും നിറഞ്ഞതോടെ ഇഞ്ചുറി ടൈം നീണ്ടു. ഇത് ആതിഥേയര്‍ക്കും തിരിച്ചടിയായി. ഒടുവില്‍ 17ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്കായി അല്‍ജീരിയയുടെ തുരുപ്പുശീട്ട്. യുസുഫ് ബിലൈലിയുടെ ഷോട്ട് ഖത്തര്‍ ഗോളി സാദ് അല്‍ ഷീബ് തടഞ്ഞെങ്കിലും, റീബൗണ്ട് കിക്ക് ബിലൈലി തന്നെ വലയിലാക്കി ടീമിന് വിജയം സമ്മാനിച്ചു.

ഡിസംബർ 18ന്​ അൽ ബെയ്​ത്​ സ്​റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ അൽജീരിയ ടുണീഷ്യയെ നേരിടും

 

Top