സൗദി- കാനഡ പ്രശ്‌നം; ജര്‍മനിയുടെയും സ്വീഡന്റെയും സഹായം തേടി കാനഡ

റിയാദ്: കാനഡയും സൗദിയും തമ്മിലുടലെടുത്ത നയതന്ത്ര പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ല. യു എ ഇ, യുകെ തുടങ്ങിയ രാജ്യങ്ങളോട് പ്രശ്‌നത്തില്‍ ഇടപെടണമെന്ന് നേരത്തെ കാനഡ ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷമാണ് ജര്‍മനിയെയും, സ്വീഡനെയും കാനഡ സമീപിച്ചിരിക്കുന്നത്. അതേ സമയം കഴിഞ്ഞദിവസം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റീന്‍ ട്രൂഡോ നടത്തിയ അഭിപ്രായപ്രകടനം സൗദിയെ വീണ്ടും പ്രകോപിതരാക്കിയിട്ടുണ്ട്. വിദേശത്തും സ്വദേശത്തുമുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ കാനഡ എപ്പോഴും ശബ്ദമുയര്‍ത്തുമെന്നായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന.

വ്യക്തിഗത സ്വാതന്ത്ര്യത്തെയും രാജ്യങ്ങളുടെ പരമാധികാരത്തെയും ഒരു പോലെ ബഹുമാനിക്കുന്ന സമീപനമാണ് യുഎസിന്റേതെന്നും ഹീതെര്‍ നോര്‍ട്ട് വ്യക്തമാക്കിയിരുന്നു. കാനഡയ്‌ക്കെതിരെ സൗദി അറേബ്യ കൈക്കൊണ്ട നടപടിയ്ക്ക്‌ അറബ് ലോകവും പിന്തുണച്ചിരുന്നു. സൗദിയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണ് കാനഡയുടെ പ്രവൃത്തിയെന്ന് യു എഇയും അറബ് ലീഗും സൂചിപ്പിച്ചിരുന്നു.

അതേ സമയം, കാനഡ വിവിധ രാജ്യങ്ങളോട് പ്രശ്‌നവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുന്നതായാണ് വിവരം ലഭിച്ചിരിക്കുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകന്റെ ജയില്‍മോചനവുമായി ബന്ധപ്പെട്ട് കാനഡ നടത്തിയ പ്രസ്താവനയെ തുടര്‍ന്നാണ് സൗദി അറേബ്യ കാനഡയ്‌ക്കെതിരെ കടുത്ത നടപടികള്‍ എടുക്കാന്‍ ആരംഭിച്ചത്. കാനഡയുമായുള്ള നയതന്ത്ര വ്യാപാരബന്ധം വിച്ഛേദിച്ച അവര്‍ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിട്ടുപോകാനും, കാനഡയുമായുള്ള എല്ലാ വ്യാപാരങ്ങളും നിര്‍ത്തിവെയ്ക്കാനും ഉത്തരവിട്ടു.

കാനഡയിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിക്കുമെന്നും സൗദി രാജഭരണകൂടം ട്വിറ്ററിലൂടെ അറിയിച്ചു. പിന്നീട് കാനഡയില്‍ സൗദി സ്‌ക്കോളര്‍ഷിപ്പോടുകൂടി പഠിക്കുന്ന 20,000 വിദ്യാര്‍ത്ഥികളേയും അവരുടെ കുടുംബാംഗങ്ങളേയും തിരിച്ചുവിളിക്കുകയും യു.എസ്, യു.കെ എന്നീ രാജ്യങ്ങളില്‍ തുടര്‍വിദ്യാഭ്യസത്തിന് സൗകര്യമുണ്ടാക്കുമെന്ന് അറിയിക്കുകയുമായിരുന്നു. കാനഡയിലേയ്ക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ റദ്ദാക്കുമെന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സും അറിയിച്ചിരുന്നു. അറസ്റ്റ് ചെയ്ത് ജയിലലടച്ച മനുഷ്യാവകാശ പ്രവര്‍ത്തകരേയും വനിതാ ആക്ടിവിസ്റ്റായ സമര്‍ ബാദ്വിവിയേയും ഉടന്‍ വിട്ടയക്കണമെന്ന് കാനഡ ആവശ്യപ്പെട്ടതാണ് സൗദി ഭരണകൂടത്തെ ചൊടിപ്പിച്ചത്.

Top